ദില്ലി: സംഘര്‍ഷമുണ്ടായ ദില്ലിയിലെ നോര്‍ത്ത് ഈസ്റ്റ് സീലംപൂർ ജാഫ്രദാബാദിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് ദില്ലി പൊലീസ് ജോയിന്‍റ് കമ്മീഷണര്‍ അലോക് കുമാര്‍. പ്രതിഷേധക്കാർക്ക് എതിരെ പൊലീസ് ബുള്ളറ്റ് പ്രയോഗിച്ചിട്ടില്ലെന്നും കണ്ണീര്‍ വാതകമാണ് ഉപയോഗിച്ചതെന്നും അലോക് കുമാര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ചില പൊലീസുകാര്‍ക്കും പരിക്കേറ്റതായി അലോക് കുമാര്‍ അറിയിച്ചു. 

ജാമിയാ മിലിയ സർവ്വകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിക്കാന്‍ പ്രദേശവാസികള്‍ സംഘടിച്ചതായിരുന്നു. തുടര്‍ന്ന് പൊലീസും പ്രക്ഷോഭകരും നേർക്കുനേർ ഏറ്റുമുട്ടി. കല്ലേറിലും ലാത്തിച്ചാർജിലും നിരവധിപേർക്ക് പരിക്കേറ്റു. രണ്ട് ബസ്സുകളടക്കം നിരവധി വാഹനങ്ങള്‍ സംഘര്‍ഷത്തില്‍ തകർന്നു. പ്രതിഷേധത്തിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായതോടെ പൊലീസ് ലാത്തിചാര്‍ജ് നടത്തി.

നിരവധി പേര്‍ക്കാണ് പൊലീസ് ലാത്തിചാർജിൽ പരിക്കേറ്റത്.  കണ്ണീര്‍ വാതകവും പൊലീസ് തുടര്‍ന്ന് പ്രയോഗിച്ചു. സീലംപൂര്‍-ജാഫ്രദാബാദിലെ റോഡിലെ ഗതാഗതം പോലീസിന് തടഞ്ഞിരിക്കുകയാണ്. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏതുനിമിഷവും വീണ്ടും സംഘർഷമുണ്ടാകാം എന്നതിനാൽ കനത്ത സുരക്ഷയാണ് ഇവിടെ പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.