നൗഗാം പൊലീസ് എടുത്ത കേസിൽ പത്തു പേരാണ് പ്രതികൾ. ഡോക്ടർ എന്ന തൊഴിലിനെ മറയാക്കി ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും ഉന്നത വിദ്യാഭ്യാസമുള്ളവരെ ലക്ഷ്യമിട്ടെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.
ദില്ലി : ചെങ്കോട്ട സ്ഫോടനത്തിൽ പ്രതികളായ ഡോക്ടർമാരെ ഉൾപ്പെടുത്തി പുതിയ കുറ്റപത്രം തയ്യാറാക്കി അന്വേഷണ ഏജൻസി. നൗഗാം പൊലീസ് എടുത്ത കേസിൽ പത്തു പേരാണ് പ്രതികൾ. ഡോക്ടർ എന്ന തൊഴിലിനെ മറയാക്കി ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും ഉന്നത വിദ്യാഭ്യാസമുള്ളവരെ ലക്ഷ്യമിട്ടെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. ഡോക്ടർമാർ ഭാഗമായ ഭീകര സംഘത്തെ പൂർണമായി പിടികൂടിയെന്നും റിപ്പോട്ടിലുണ്ട്.
ദില്ലിയിലെ ചെങ്കോട്ടയ്ക്ക് സമീപം കഴിഞ്ഞ വർഷം നവംബർ 10-ന് വൈകുന്നേരം 6:52 ഓടെയാണ് കാർ സ്ഫോടനം നടന്നത്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപം ട്രാഫിക് സിഗ്നലിൽ കാത്തുനിന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു. വൈറ്റ് ഹ്യുണ്ടായ് ഐ 20 കാറാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പ്രഭാവം മൂലം സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. ഡോ. മുസമ്മിൽ അഹമ്മദ് ഗനായി, അദീൽ അഹമ്മദ് റാത്തർ തുടങ്ങിയവരാണ് പ്രധാന പ്രതികൾ. ഇവർക്ക് അഫ്ഗാനിസ്ഥാനിൽ നിന്ന് പരിശീലനം ലഭിച്ചതായും ബോംബ് നിർമ്മാണത്തിനുള്ള വീഡിയോകൾ വിദേശത്ത് നിന്ന് ലഭിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.


