ബംഗാളിൽ ബിജെപി സർക്കാർ നടപ്പാക്കിയ 'അന്നപൂർണ യോജന' പദ്ധതിയുമായി ബന്ധപ്പെട്ടു ഗുഢാലോചന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്. പദ്ധതിക്ക് 12 പേജുള്ള അപേക്ഷ ഫോം പുറത്തിറക്കിയതിന് പിന്നിൽ ബിജെപിയുടെ ഗുഢാലോചനയുണ്ടെന്ന് തൃണമൂൽ കോൺഗ്രസ്. 

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതിയ സർക്കാർ നടപ്പാക്കിയ 'അന്നപൂർണ യോജന' പദ്ധതിയുമായി ബന്ധപ്പെട്ടു ഗുഢാലോചന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. പദ്ധതിക്ക് 12 പേജുള്ള അപേക്ഷ ഫോം അവതരിപ്പിച്ചതിന് പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് എംപി സൗ​ഗത റോയ് ആരോപിച്ചു. നീണ്ട അപേക്ഷ ഫോം കൊണ്ടുവന്ന് ഗുണഭോക്താക്കളുടെ എണ്ണം കുറയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സൗ​ഗത റോയ് ആരോപണം തുടർന്നു.

"പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം കുറയ്ക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ചേരി നിവാസികൾക്കും പാവപ്പെട്ടവർക്കും 12 പേജുള്ള അപേക്ഷാ ഫോം പൂരിപ്പിക്കാൻ കഴിയില്ല. ഇതൊരു ഗൂഢാലോചനയാണ്"- സൗ​ഗത റോയ് ആരോപിച്ചു.

'അന്നപൂർണ യോജന'

ഇക്കഴിഞ്ഞ ദിവസമാണ് ബം​ഗാളിൽ വനിതകൾക്ക് പ്രതിമാസം 3000 രൂപ അനുവദിക്കുന്ന 'അന്നപൂർണ യോജന' പദ്ധതിയുടെ അപേക്ഷാ ഫോം മുഖ്യമന്ത്രി സുവേന്ദു അധികാരി പുറത്തിറക്കിയത്. വനിതകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ബിജെപി പ്രകടന പത്രികയിൽ പദ്ധതി വാ​ഗ്ദാനം ചെയ്തിരുന്നത്. സ‍ർക്കാർ അധികാരമേറ്റതിന് പിന്നാലെ ആണ് പദ്ധതി നടപ്പിലാക്കിയത്.

സംസ്ഥാനത്തെ യോ​ഗ്യരായ വനിതകൾക്ക് പ്രതിമാസം 3000 രൂപയാണ് പദ്ധതി മുഖേന നൽകുക. മമത ബാനർജി സർക്കാർ നടപ്പാക്കിയിരുന്ന 'ലക്ഷ്മി ഭണ്ഡാ‍ർ' പദ്ധതിക്ക് പകരമാണ് ബിജെപി സർക്കാർ 'അന്നപൂർണ യോജന' എന്ന പേരിൽ പുതിയ പദ്ധതി ആവിഷ്കരിച്ചത്. 25നും 60നും ഇടയിലുള്ള വനിതകളാണ് പദ്ധതിക്ക് യോഗ്യരാകുക. അപേക്ഷകർക്ക് സ്ഥിരമായ സർക്കാർ ജോലിയോ സ്ഥിരവരുമാനമോ പെൻഷനോ ഉണ്ടാകാൻ പാടില്ല.

ബംഗാളിക്ക് പുറമേ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും അപേക്ഷ ഫോം ആണ് പുറത്തിറക്കിയിട്ടുണ്ട്. ഓൺലൈനായും നേരിട്ടും അപേക്ഷ ഫോം സമർപ്പിക്കാനാകും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി മേഖലകളിൽ സൂപ്പർവൈസർമാർ വീടുകളിൽ നേരിട്ടെത്തി ഫോം കൈപ്പറ്റും.