തമിഴ്നാടിന്റെ പുതിയ പൊലീസ് മേധാവിയായി (ഡിജിപി) 1994 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ മഹേഷ്‌ കുമാർ അഗർവാളിനെ നിയമിച്ചു. നിലവിൽ ദില്ലിയിൽ ബിഎസ്എഫ് ഡിജിപിയാണ് അദ്ദേഹം.

ചെന്നൈ: തമിഴ്നാടിന്‍റെ പുതിയ പൊലീസ് മേധാവിയായി (ഡിജിപി) മഹേഷ്‌ കുമാർ അഗർവാൾ. 1994 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. നിലവിൽ ദില്ലിയിൽ ബിഎസ്എഫ് ഡിജിപിയാണ് മഹേഷ്‌ കുമാർ. കൊൽക്കത്ത ആസ്ഥാനമായുള്ള ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡിന്റെ സ്പെഷ്യൽ ഡയറക്ടർ ജനറലെന്ന അധിക ചുമതലയും അദ്ദേഹം വഹിച്ചു വരികയായിരുന്നു. യുപിഎസ്‍സിയുടെ മൂന്നംഗ പാനലിൽ നിന്നാണ് നിയമനം. നേരത്തെ സ്റ്റാലിൻ സർക്കാർ സ്ഥിരം ഡിജിപിയെ നിയമിച്ചിരുന്നില്ല. ആക്റ്റിംഗ് ഡിജിപി നിയമനത്തിനെതിരെ സുപ്രീം കോടതിയിൽ കേസ് നിലവിലുണ്ട്. സംസ്ഥാനങ്ങളുടെ അവകാശവുമായി ബന്ധപ്പെട്ടാണ് ഡിജിപി നിയമനത്തെ ഡിഎംകെ കണ്ടിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തമിഴ്‌നാട് കേഡറിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളായ മഹേഷ് അഗർവാളിന് അടുത്തിടെയാണ് കേന്ദ്ര സർക്കാർ ഡയറക്ടർ ജനറൽ പദവിയിലേക്ക് (ഡിജിപി റാങ്ക്) സ്ഥാനക്കയറ്റം നൽകിയത്. ഇതിനുമുമ്പ് തമിഴ്‌നാട്ടിൽ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള നിർണായക ചുമതലകൾ വഹിച്ചിട്ടുണ്ട്. ചെന്നൈ നഗരത്തിലെ ക്രമസമാധാന ചുമതലകൾക്ക് പുറമെ ആംഡ് പൊലീസ് ഡയറക്ടർ ജനറൽ, ക്രൈം ബ്രാഞ്ച് സിഐഡി സ്പെഷ്യൽ ഡയറക്ടർ ജനറൽ തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ പൊലീസ് ഭരണ പരിഷ്കാരങ്ങൾക്കായി രൂപീകരിച്ച അഞ്ചാം പൊലീസ് കമ്മീഷന്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച വിദഗ്ധ സംഘത്തിൽ മഹേഷ് കുമാറും അംഗമായിരുന്നു. മികച്ച പ്രവർത്തനങ്ങളെ മുൻനിർത്തി വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.