ഇന്നലെ രാത്രി പഹാർഗഞ്ച്, ദര്യഗഞ്ച്, പരിസര പ്രദേശങ്ങളിലെ ഹോട്ടലുകളിൽ രാത്രി മുഴുവൻ പൊലീസ് പരിശോധന നടത്തി. സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് 13 പേരെ ഇതുവരെ ചോദ്യം ചെയ്തു.
ദില്ലി: ദില്ലി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ദില്ലി സ്വദേശി അമർ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 22 കാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനിൽ വിടാൻ എത്തിയതായിരുന്നു. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. കൊല്ലപ്പെട്ടവ മറ്റുള്ളവര്‍ ദില്ലി, യുപി സ്വദേശികളാണെന്നാണ് വിവരം.
അതേസമയം ചെങ്കോട്ട സ്ഫോടനം സംബന്ധിച്ച് വിലയിരുത്താൻ രാവിലെ 9:30 ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഐബി ഡയറക്ടർ, ആഭ്യന്തര സെക്രട്ടറി, ഡൽഹി പൊലീസ് കമ്മീഷണർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. നടന്നത് ഭീകരാക്രമണമാണെന്ന സൂചയുള്ള സാഹചര്യത്തിലാണ് നിർണായക യോഗം ചേരുന്നത്. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ റെഡ് ഫോര്‍ട്ട് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ചാവേര്‍ ഭീകരാക്രമണ സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. അപകടം നടന്ന സ്ഥലം തെളിവ് ശേഖരണത്തിന്‍റെ ഭാഗമായി വെള്ള കർട്ടൻ കൊണ്ട് മൂടിയിട്ടുണ്ട്. ആറ് കാറുകളും രണ്ട് ഇ-റിക്ഷകളും ഒരു ഓട്ടോറിക്ഷയുമാണ് സ്ഫോടനത്തിൽ കത്തിനശിച്ചത്.
അതേസമയം ഇന്നലെ രാത്രി പഹാർഗഞ്ച്, ദര്യഗഞ്ച്, പരിസര പ്രദേശങ്ങളിലെ ഹോട്ടലുകളിൽ രാത്രി മുഴുവൻ പൊലീസ് പരിശോധന നടത്തി. ഹോട്ടൽ രജിസ്റ്ററുകൾ പൊലീസ് സംഘം പരിശോധിച്ചു. പരിശോധനയിൽ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് 13 പേരെ ഇതുവരെ ചോദ്യം ചെയ്തു.
വൈകുന്നേരം ഏറെ തിരക്കുള്ള സമയത്ത് ചെങ്കോട്ടയുടെ പ്രധാന കവാടത്തിന്റെ വലതുഭാഗത്തായി ലാൽ കില മെട്രോ സ്റ്റേഷന്റെ നാലാം നമ്പർ ഗേറ്റിലേക്ക് എത്തുന്ന റോഡിലായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. മെട്രോ സ്റ്റേഷന് മുന്നിൽ ട്രാഫിക് സിഗ്നലിലേക്ക് മെല്ലെ എത്തിയ ഹ്യൂണ്ടായത് ഐ 20 കാര്‍ വൈകുന്നേരം 6.55ഓടെ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകൾ എന്നിവ തകർന്നു.
നടന്നത് ചാവേറാക്രമണം?
രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ദില്ലി പൊലീസ് കേസെടുത്തു. നടന്നത് ഭീകരാക്രമണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നൽകുന്ന വിവരം. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. നടന്നത് ചാവേറാക്രമണമാണെന്നാണ് സൂചന. സ്ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ചത് ഫരീദാബാദ് ഭീകര സംഘത്തിൽ പൊലീസ് തെരയുന്ന ഉമര്‍ മുഹമ്മദെന്നാണ് പുറത്ത് വരുന്ന വിവരം. ഭീകരവാദിയായ ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ച് ചെങ്കോട്ടയിലെത്തിയതെന്നാണ് സംശയിക്കുന്നത്. സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോയെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.


