ചെങ്കോട്ടയിൽ ഇന്നലെയുണ്ടായ വൻ സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.  സംഭവവുമായി ബന്ധപ്പെട്ട് കശ്മീർ സ്വദേശികളടക്കം 13 പേരെ ചോദ്യം ചെയ്തു. ചാന്ദ്നി ചൗക്ക് മാർക്കറ്റായിരുന്നു ലക്ഷ്യമെന്നും പൊലീസ് കരുതുന്നു.

ദില്ലി: ചെങ്കോട്ടയിൽ ഇന്നലെയുണ്ടായ വൻ സ്ഫോടനത്തിൽ ആക്രമണത്തിന് ഉപയോഗിച്ച കാറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. രാജ്യ തലസ്ഥാനത്ത് വ്യാപക പരിശോധനയും നടന്നു വരുന്നു. വാഹനത്തിന്റെ ആദ്യ ഉടമയായ ദേവേന്ദ്രനിൽ നിന്ന് വണ്ടി വാങ്ങിയത് അമീർ ആയിരുന്നു. അമീർ പിന്നീട് വാഹനം കൈമാറിയത് പുൽവാമ സ്വദേശി താരിഖിനാണ്. ഇയാൾ വാഹനത്തിന്റെ താക്കോൽ വാങ്ങുന്ന ചിത്രങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പരക്കുന്നുണ്ട്. വാഹനം താരിഖിന് വിറ്റതാണ് എന്നാണ് നിഗമനം. കഴിഞ്ഞ മാസം 29 ന് ആണ് താരിഖ് വാഹനം വാങ്ങിയത്. ഇതേ വാഹനം പിന്നീട് ഉമർ മുഹമ്മദിന് കൈമാറി. എന്നാലിത് വിൽപ്പനയല്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. താരിഖ് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവരെല്ലാം കശ്മീർ സ്വദേശികളാണെങ്കിലും ദില്ലിയിൽ തന്നെയാണ് താമസിച്ചിരുന്നത്. മാത്രമല്ല വാഹന കൈമാറ്റം നടന്നതെല്ലാം ദില്ലിയിൽ വച്ച് തന്നെയാണ്. നിലവിൽ 13 പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടുണ്ട്.

ഇന്നലെ വൈകിട്ട് 6.55 ഓടെയായിരുന്നു ദില്ലി ചെങ്കോട്ടയിൽ വൻ സ്ഫോടനമുണ്ടായത്. ലാൽകില മെട്രോ സ്റ്റേഷന് മുന്നിലെ ട്രാഫിക് സിഗ്നലിന് മുന്നിലേക്ക് വേഗം കുറച്ചെത്തിയ ഹുണ്ടായ് ഐ 20 കാർ, പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകളെല്ലാം പൊട്ടിത്തെറിയിൽ തകർന്നു. ഒരു തീ ഗോളം ആകാശത്തേക്ക് ഉയർന്നെന്നും ഒരു കിലോമാറ്റർ അകലെ വരെ സ്ഫോടനത്തിന്‍റെ പ്രകമ്പനം ഉണ്ടായെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സാഹചര്യ തെളിവുകൾ ഭീകരാക്രമണത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെങ്കിലും സർക്കാർ സ്ഥിരീകരിച്ചിട്ടില്ല.

നടന്നത് ചാവേറാക്രമണമാണെന്നാണ് സൂചന. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. ദ ഇന്ത്യൻ എക്സ്പ്രസ് ആണ് കാറിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന. തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താൻ പദ്ധതിയിട്ടുവെന്നാണ് വിവരം. ട്രാഫിക്ക് സിഗ്നൽ കാരണം വണ്ടി നിർത്തേണ്ടി വന്നതോടെയാണ് മാർക്കറ്റിന് സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.