ദില്ലി: ദില്ലി കലാപ കേസ് പരിഗണിച്ച രീതിയിൽ ദില്ലി ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കലാപത്തിന് ഇടയാക്കിയ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കാൻ എന്തിനാണ് ഇത്ര താമസമെന്ന് സുപ്രീം കോടതി ചോദിച്ചു. ദില്ലി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വെള്ളിയാഴ്ച കേൾക്കണം. വെള്ളിയാഴ്ച തന്നെ കേസുകൾ പരിഗണിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 

അതെ സമയം കേസ് വെള്ളിയാഴ്ച തന്നെ കേൾക്കണമെന്ന സുപ്രീംകോടതിയുടെ ആവശ്യത്തെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തു. കൂടുതൽ സമയം വേണമെന്നാണ് സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്ത ആവശ്യപ്പെട്ടത്. തിങ്കളാഴ്ച വരെ എങ്കിലും സമയം അനുവദിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. സോളിസിറ്റർ ജനറലിനെ വിമർശിച്ച് ചീഫ് ജസ്റ്റിസ് രംഗത്തെത്തി. ഉത്തരവ് എഴുതുന്നതിനിടയിൽ ഇടപെടരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി പറഞ്ഞു.