ദില്ലി: ദില്ലി വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് എതിരെ ഉടന്‍ കേസെടുക്കില്ല. കേസില്‍ വാദം കേൾക്കുന്നത് നാലാഴ്ചത്തേക്ക് ദില്ലി ഹൈക്കോടതി മാറ്റി. കേസെടുക്കേണ്ട കാര്യമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചു. കേസ് ഏപ്രില്‍ 13 ന് വീണ്ടും വാദം കേള്‍ക്കും.  സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാൻ ദില്ലി പൊലീസിനോടും കേന്ദ്രസര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു.

കോടതിക്ക് മുൻപാകെ എത്തിയ ദൃശ്യങ്ങൾ ഗൂഢമായ ഉദ്ദേശത്തോടെയുള്ളതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാർ മേത്ത പറഞ്ഞു. ദില്ലിയിലെ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 48 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രമസമാധാനം പുന:സ്ഥാപിക്കാനാണ് ഇപ്പോള്‍ പരിഗണന. വീഡിയോയില്‍ പരിശോധന വേണം. വീഡിയോ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് ദില്ലി പൊലീസ് സമര്‍പ്പിക്കണമെന്നും തുഷാര്‍ മേത്ത വാദിച്ചു.

എന്നാല്‍ തുഷാര്‍ മേത്തയുടെ വാദങ്ങളെ എതിര്‍ത്ത് പരാതിക്കാരന്റെ അഭിഭാഷകന്‍ രംഗത്തെത്തി. കപില്‍ മിശ്ര അടക്കമുള്ളവര്‍ക്കെതിരെ ഉടൻ കേസെടുക്കണമെന്നായിരുന്നു ആവശ്യം. വെടിവയ്ക്കണം എന്ന ആവശ്യവുമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണം എന്ന് അഭിഭാഷകൻ വാദിച്ചു.

Read more at: 'നിങ്ങളാണ് മുസ്ലിംകളെ പ്രകോപിപ്പിക്കുന്നത്': പാ രഞ്ജിത്തിനെതിരെ വിമര്‍ശനവുമായി ഗായത്രി രഘുറാം ...

എന്നാല്‍ സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി, കേസ് പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റി. കേന്ദ്രസ‍ര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ കപില്‍ മിശ്ര അടക്കമുള്ളവര്‍ക്കെതിരെ ഇപ്പോൾ കേസെടുക്കില്ല.

വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് ഇന്നലെ ദില്ലി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. തൊട്ടുപിന്നാലെ ഈ കേസ് വാദം കേട്ട ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റി. ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണം. പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം . കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ പ്രസംഗങ്ങളും പരിശോധിച്ച് ഉചിതമായ നടപടി എടുക്കാനാണ് ദില്ലി പൊലീസിന് ജസ്റ്റിസ് മുരളീധര്‍ നിര്‍ദ്ദേശം നൽകിയത്. 

Read more at: ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലപാതകം; ആരോപണ വിധേയനായ ആപ് നേതാവ് താഹിർ ഹുസ്സൈൻ ആരാണ് ? ...

ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. അതിനിടെ ദില്ലി കലാപത്തിൽ മരണപ്പെട്ടവരുടെ എണ്ണം 35 ആയി. കലാപബാധിത മേഖലകളുടെ നിയന്ത്രണം കേന്ദ്ര സേന കൂടി ഏറ്റെടുത്തതോടെ സംഘർഷത്തിന് പൊതുവില്‍ അയവ് വന്നിട്ടുണ്ട്. അതേസമയം ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.