ദില്ലി കലാപത്തിൽ ഇതുവരെ 35 പേരുടെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അക്കൂട്ടത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്ന  ഒരു കൊലപാതകം ഇന്റലിജൻസ് ബ്യൂറോ ഓഫീസർ ആയ അങ്കിത് ശർമയുടേതാണ്. ഐബിയിൽ ട്രെയിനി ഓഫീസർ ആയിരുന്ന അങ്കിതിന്റെ മൃതദേഹം ചാന്ദ് ബാഗിലെ ഒരു ഓടയിൽ നിന്നാണ് കണ്ടെടുക്കപ്പെട്ടത്. അങ്കിത് ശർമയുടെ കുടുംബം, ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവായ താഹിർ ഹുസൈന്റെ നേർക്കാണ് കൊലപാതകത്തിന്റെ പേരിൽ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. നെഹ്‌റു വിഹാറിൽ നിന്നുള്ള ആം ആദ്മി പാർട്ടി കൗൺസിലറാണ് താഹിർ ഹുസ്സൈൻ. കലാപത്തിനിടെ അങ്കിത് ശർമയെ വധിച്ച് കുറ്റം ലഹളക്കാർക്കുമേൽ ആരോപിക്കുകയാണ് താഹിർ ചെയ്തിരിക്കുന്നത് എന്നാണ് അങ്കിതിന്റെ ബന്ധുക്കളുടെ ആരോപണം. 

താഹിർ ഹുസൈന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളിൽ നിന്നാണ് അങ്കിതിനു നേർക്ക് കല്ലേറുണ്ടായത് എന്ന് അങ്കിതിന്റെ ബന്ധുക്കൾ ന്യൂസ് ഏജൻസി ആയ ANI -യോട് പറഞ്ഞു. " ഓഫീസിൽ നിന്ന് വീട്ടിലെത്തി ചായകുടിച്ചു ശേഷം കല്ലേറ് നടക്കുന്നിടത്തേക്ക് പോയതാണ് അങ്കിത്. താഹിറിന്റെ കെട്ടിടത്തിനുള്ളിൽ നിന്ന് പത്തുപതിനഞ്ചോളം പേർ പുറത്തിറങ്ങി വന്നു. അവർ അവിടെ നിന്നിരുന്ന നാലഞ്ച് പേരെ പിടിച്ചുവലിച്ച് അകത്തേക്ക് കൊണ്ടുപോയി. അവരെ രക്ഷിക്കാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി ഓടിച്ചു." അങ്കിതിന്റെ അച്ഛൻ രവീന്ദർ കുമാർ പറഞ്ഞു. അങ്കിത് ശർമയുടെ സഹോദരൻ അങ്കുറിനെയും രണ്ടു സ്നേഹിതരെയും അക്രമാസക്തമായ ഒരു ജനക്കൂട്ടം പിടിച്ചു കൊണ്ടുപോകുന്നത് കണ്ടതായി ഒരു ദൃക്‌സാക്ഷി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. അവരെ രക്ഷിക്കാൻ ശ്രമിച്ചവർക്കുനേരെ അക്രമികൾ വെടിവെച്ചതായും തദ്ദേശവാസിയായ അയാൾ പറഞ്ഞു. 

രാത്രി പത്തുമണിയായിട്ടും അങ്കിത് തിരികെ വരാതിരുന്നപ്പോൾ, കുടുംബം അദ്ദേഹത്തെ അന്വേഷിച്ച് ദില്ലിയിലെ ആശുപത്രികൾ കയറിയിറങ്ങുകയായിരുന്നു. അതിനിടെ പ്രദേശവാസിയായ ഒരു സ്ത്രീയുടെ ഫോൺ സന്ദേശത്തെ തുടർന്നാണ് പൊലീസ് അങ്കിയതിന്റെ മൃതദേഹം പിന്നീട് കണ്ടെത്തിയ അഴുക്കുചാലിനടുത്തേക്ക് എത്തുന്നത്. ഒരുവാഹനത്തിൽ എത്തിയ അക്രമികൾ ചില മൃതദേഹങ്ങൾ അഴുക്കുചാലിൽ തള്ളുന്നതും, അതിനു മുകളിലേക്ക് സിമന്റ് നിറച്ച ചാക്കുകൾ ഇട്ട് മൃതദേഹങ്ങൾ മറയ്ക്കാൻ ശ്രമിക്കുന്നതും താൻ കണ്ടു എന്നായിരുന്നു പോലീസിനോട് ആ സ്ത്രീ വിളിച്ചു പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് താഹിർ ഹുസൈന്റെ ടെറസിൽ  നിന്ന് പെട്രോൾ ബോംബുകളും കല്ലേറിനുപയോഗിച്ച കല്ലുകളും കണ്ടെടുത്തിരുന്നു.

അതിനിടെ, വിദ്വേഷപ്രസംഗം നടത്തിയതിന്റെ പേരിൽ അന്വേഷണം നേരിടുന്ന ബിജെപി നേതാവായ കപിൽ മിശ്രയും താഹിർ ഹുസൈന്റെ പേരിൽ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഹുസൈനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ട്വീറ്റും മിശ്ര ചെയ്യുകയുണ്ടായി. ഹുസൈന്റെ വീടിന്റെ മുകളിൽ നിന്നുകൊണ്ട് അക്രമികൾ കല്ലേറ് നടത്തുന്നതിന്റെ വീഡിയോ സഹിതമാണ് മിശ്രയുടെ ട്വീറ്റ്. ആക്രമണങ്ങൾക്കിടെ കെജ്‌രിവാളുമായി താഹിർ നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു എന്നൊരു ആരോപണവും മിശ്ര തന്റെ ട്വീറ്റിൽ ഉന്നയിച്ചിട്ടുണ്ട്. 

 

എന്നാൽ താൻ നിരപരാധിയാണ് എന്നവകാശപ്പെട്ടുകൊണ്ട് ആം ആദ്മി പാർട്ടി നേതാവായ താഹിർ ഹുസൈനും ഒരു വീഡിയോ പുറത്തുവിട്ടു. " എന്നെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്. കപിൽ മിശ്രയുടെ പ്രസംഗത്തിന് ശേഷം ദില്ലിയിലെ അവസ്ഥ വളരെയധികം വഷളായിരുന്നു. തുടർച്ചയായ കല്ലേറും അക്രമവും നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെയും അത് നടന്നു. ഈ പറയുന്ന ആരോപണത്തെപ്പറ്റി മാധ്യമങ്ങളിൽ നിന്നുള്ള അറിവേ എനിക്കുമുള്ളൂ. ഈ കൊലപാതകത്തിൽ സത്യസന്ധമായ അന്വേഷണം നടക്കണം. കുറ്റക്കാർ ആരായാലും അവർക്കെതിരെ നടപടിയും എടുക്കണം" ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ താഹിർ ഹുസ്സൈൻ പറഞ്ഞു. 

 

തന്റെ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ ഒരു സംഘം ആളുകൾ വീടിന്റെ ടെറസ്സിലേക്ക് കയറി അവിടെ നിന്ന് വഴിയിലൂടെ പോയവരെ അക്രമിക്കുകയാണുണ്ടായത് എന്ന് താഹിർ ഹുസ്സൈൻ പറഞ്ഞു. താൻ നിരവധി തവണ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും, അക്രമികളൊക്കെ സ്ഥലം വിട്ട ശേഷം മാത്രമാണ് അവർ വന്നെത്തിയത് എന്നും ഹുസ്സൈൻ പറഞ്ഞു. സംരക്ഷണം ആവശ്യപ്പെട്ട തന്നോട് അവിടെനിന്ന് പോകാനാണ് പൊലീസ് പറഞ്ഞത് എന്നും, താൻ അത് അനുസരിക്കുകയാണുണ്ടായതെന്നും കൗൺസിലർ പറഞ്ഞു. " കുറച്ചുനേരം കഴിഞ്ഞപ്പോൾ അവിടെനിന്ന് പൊലീസ് എന്താണ് തിരികെപ്പോയത് എന്നെനിക്കറിയില്ല. പൊലീസ് പോയതോടെ, നേരത്തെ സ്ഥലംവിട്ട അക്രമികൾ തിരിച്ചു വന്ന് എന്റെ വീടിന്റെ മട്ടുപ്പാവിൽ കയറി വീണ്ടും ആക്രമണം തുടരുകയുമാണ് ഉണ്ടായത്. ഇങ്ങനെയൊക്കെ സംഭവിച്ചതിൽ വല്ലാതെ അസ്വസ്ഥനാണ് ഞാൻ. കാരണം, സമാധാനകാംക്ഷിയായ മതവിശ്വാസിയാണ് ഞാനും. രാജ്യത്തെ നാനാജാതി മതസ്ഥർക്കിടയിൽ സാഹോദര്യം പുലർന്നു കാണണം എന്നാഗ്രഹിക്കുന്നൊരു ഇന്ത്യൻ പൗരൻ" ഹുസ്സൈൻ വീഡിയോയിൽ പറഞ്ഞു. 

ആരാണ് താഹിർ ഹുസ്സൈൻ ?

കിഴക്കൻ ദില്ലിയിലെ നെഹ്‌റുവിഹാറിൽ വാർഡ് 59 -ൽ നിന്ന് ആം ആദ്മി പാർട്ടിയുടെ ടിക്കറ്റിൽ ജയിച്ച കൗൺസിലറാണ് താഹിർ ഹുസ്സൈൻ. ബിസിനസ് പാരമ്പര്യമുള്ള താഹിർ ഹുസൈന്റെ പേരിൽ ഇതുവരെ ക്രിമിനൽ കേസുകളൊന്നും തന്നെ ഇല്ല.