ദില്ലി: 1984 ല്‍ ഉണ്ടായതുപോലത്തെ കലാപം ദില്ലിയിൽ ആവര്‍ത്തിക്കാന്‍  അനുവദിക്കില്ലെന്ന് ദില്ലി ഹൈക്കോടതി. ദില്ലി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും കലാപബാധിത മേഖലകളിലെത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടി വേണമെന്നും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കലാപക്കേസില്‍ അമിക്കസ് ക്യൂറിയെ ഹൈക്കോടതി നിയോഗിച്ചു. അഡ്വ. സുബൈദ ബീഗം അമിക്കസ് ക്യൂറിയാകും. അതേസമയം ദില്ലി കലാപത്തില്‍ മരിച്ച ഐബി ഉദ്യോഗസ്ഥന്‍റെ മരണത്തില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനായ അംഗിത് ശർമ്മയാണ് സംഘർഷനത്തിനിടെ കൊല്ലപ്പെട്ടത്. കലാപം രൂക്ഷമായിരുന്ന ചാന്ദ് ബാഗിലാണ് അംഗിതിന്‍റെ മൃതദേഹം കണ്ടെത്തിയത്.  

ദില്ലി കലാപത്തില്‍ വിശദമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ജസ്റ്റിസ് മുരളീധറിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് നാളത്തേക്ക് മാറ്റണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടെങ്കിലും രൂക്ഷ വിമര്‍ശനമായിരുന്നു കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത് അടിയന്തര വിഷയമല്ലേയെന്നും അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ടില്ലേയെന്നും കോടതി ചോദിച്ചു. താനിതേ കുറിച്ച് വിശദമായ പഠിച്ചശേഷം ആവശ്യമായ വിവരങ്ങളുമായി നാളെ തിരിച്ച് വരാമെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്‍റെ മറുപടി. 

എന്നാല്‍ കപില്‍ മിശ്രയുടെ വീഡിയോ കണ്ടില്ലേയെന്നായിരുന്നു കോടതിയുടെ മറു ചോദ്യം. എന്തുകൊണ്ട് വിഷയത്തില്‍ നപടിയെടുത്തില്ലെന്ന് ദില്ലി പൊലീസിനോട് കോടതി ചോദിക്കുകയും ചെയ്‍‍തു. എന്നാല്‍ വീഡിയോ കണ്ടില്ലെന്നായിരുന്നു ദില്ലി പൊലീസിന്‍റെ ഉന്നത ഉദ്യോഗസ്ഥന്‍റെ മറുപടി. തുടര്‍ന്ന് വീഡിയോ ഹൈക്കോടതിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കപിൽ മിശ്ര പറഞ്ഞതിൻറെ പൂർണ്ണരൂപം കോടതി സോളിസിറ്റര്‍ ജനറലിന് നല്‍കി.