ഭിത്തിയിൽ ദ്വാരം ഉണ്ടാക്കി ജുവലറിക്കുള്ളിൽ, ഒറ്റ രാത്രി 20 കോടിയുടെ വമ്പൻ കവർച്ച, പ്രതിയെ തേടി ദില്ലി പൊലീസ്
ജങ്പുരയിലെ ഉംറാവോ സിംഗ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്

ദില്ലി: രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് ജുവലറിയിൽ വൻ കവർച്ച. 20 കോടിയുടെ സ്വർണമാണ് ഒറ്റ രാത്രിയിൽ ദില്ലിയിലെ ജൂവലറിയിൽ നിന്നും കവർച്ച നടത്തിയത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. ഭിത്തിയിൽ ദ്വാരം ഉണ്ടാക്കിയാണ് സംഘം കവർച്ച നടത്തിയത്. ജങ്പുരയിലെ ഉംറാവോ സിംഗ് ജ്വല്ലറിയിലാണ് കവർച്ച നടത്തിയത്. സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ദില്ലി പൊലീസ്.
സംഭവം ഇങ്ങനെ
തെക്കുകിഴക്കൻ ദില്ലിയിലെ ജംഗ്‌പുരയിലെ ജ്വല്ലറിയിലാണ് രാത്രിയിൽ കവർച്ച നടന്നത്. മൂന്ന് പേർ അടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. രാത്രി ജുവലറിയുടെ ഭിത്തി തുരന്ന് അകത്ത് കടന്ന മോഷ്ടാക്കൾ 20 കോടി രൂപ വിലമതിക്കുന്ന സ്വർണവുമായാണ് രക്ഷപ്പെട്ടത്. 1948 - ൽ സ്ഥാപിതമായ ഉംറാവു സിംഗ് ജ്വല്ലേഴ്‌സിലാണ് കവർച്ച നടന്നത്. മോഷ്ടാക്കൾ സമീപത്തെ കെട്ടിടത്തിലൂടെ ജ്വല്ലറിയുടെ ടെറസിലേക്ക് കയറുകയും മൂന്ന് നിലകളുള്ള കടയുടെ ഒരു ഭാഗത്തെ ഭിത്തി തുരക്കുകയും ചെയ്തു. ശേഷമാണ് സംഘം അകത്ത് കയറി കവർച്ച നടത്തിയത്. അകത്തുകയറിയ സംഘം മോഷണം നടത്തുന്നതിന് മുമ്പ് ജുവലറിയിലെ സി സി ടി വി സംവിധാനത്തിന്റെ കേബിളുകൾ മുറിച്ചുമാറ്റിയതായി പോലീസ് പറഞ്ഞു. 20 കോടിയുടെ സ്വർണത്തിനൊപ്പം 10 മുതൽ 15 ലക്ഷം രൂപയും കവർന്നതായാണ് നിഗമനം. കൂടുതൽ അന്വേഷണത്തിൽ മാത്രമേ കൃത്യമായ കണക്ക് ലഭ്യമാകുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്. ജുവലറിയുടെ സ്‌ട്രോങ് റൂമിൽ കയറിയ മോഷണ സംഘം സ്വർണവും പണവും ബാഗിൽ നിറച്ച് രക്ഷപ്പെടുകയായിരുന്നു. ജുവലറിയിലെയും പ്രദേശത്തെയും സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാണെന്നാണ് ദില്ലി പൊലീസ് പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം