സ്ഫോടനം നടന്നത് 6.55 ഓടെയായിരുന്നു. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു.  പൊട്ടിത്തെറിച്ചത് സ്വിഫ്റ്റ് ഡിസയർ കാറാണെന്ന് ഒരു ദൃക്സാക്ഷി വാർത്താ ഏജൻസിയോട് പറഞ്ഞു

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ ഉഗ്ര സ്ഫോടനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഫോടനം നടന്നത് 6.55 ഓടെയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തുള്ള വാഹനങ്ങളും തകർന്നെന്ന് ദില്ലി കമ്മീഷണർ പറഞ്ഞു. കാറിനുള്ളിൽ ഒന്നിലധികം പേ‍ർ ഉണ്ടായിരുന്നെന്നും വ്യക്തമായിട്ടുണ്ട്. ദില്ലിയിൽ പൊട്ടിത്തെറിച്ചത് പുതിയ വാഹനമാണെന്നും സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രം പുറത്തുവന്നിട്ടുണ്ട്. എന്നാൽ പുതിയ വാഹനമാണെന്നത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പൊട്ടിത്തെറിച്ചത് സ്വിഫ്റ്റ് ഡിസയർ കാറാണെന്ന് ഒരു ദൃക്സാക്ഷി വാർത്താ ഏജൻസിയോട് വിവരിച്ചിട്ടുണ്ട്.

മരണ സംഖ്യ ഉയരുന്നു

അതേസമയം ദില്ലിയെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. 

രണ്ട് കാറുകൾ പൊട്ടിത്തെറിച്ചു?

രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന. സംഭവത്തെ തുടർന്ന് ദില്ലിയിൽ അതീവ ജാ​​ഗ്രത നിർദേശം പുറപ്പെടുവിച്ചു. അയല്‍ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.