Asianet News MalayalamAsianet News Malayalam

ഗ്യാസ് ചേംബര്‍ പോലെയായി ദില്ലി; ഗതാഗത സംവിധാനങ്ങള്‍ താറുമാറായി; മലിനീകരണ തോത് അപകടകരമായി ഉയരുന്നു

നഗരത്തിലെ 37 വായു പരിശോധന കേന്ദ്രങ്ങളിൽ മലിനീകരണതോത് ഉയർന്നു. പുകമഞ്ഞ് കൂടിയത് റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ ബാധിച്ചു.

Delhi Trapped In Smog Flights Delayed
Author
Delhi, First Published Nov 3, 2019, 1:28 PM IST

ദില്ലി: ദില്ലിയിൽ വായു മലിനീകരണതോത് ഉയരുന്നതിന് പിന്നാലെ നഗരത്തിലും സമീപ പട്ടണങ്ങളിലും പുകമഞ്ഞ് വ്യാപകമായി. നഗരത്തിലെ 37 വായു പരിശോധന കേന്ദ്രങ്ങളിൽ മലിനീകരണതോത് ഉയർന്നിരിക്കുകയാണ്. പുകമഞ്ഞ് കൂടിയത് റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ ബാധിച്ചു. പുകപടലങ്ങൾ കൂടിയത് കാഴ്ച്ചയുടെ ദൂരപരിധിയും കുറച്ചിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി നീട്ടി. സര്‍ക്കാരിന്റെ കീഴിലുള്ള കോളേജുകള്‍ക്കും സ്കൂളുകൾക്കും ഈ മാസം എട്ടുവരെ അവധി പ്രഖ്യാപിച്ചു. 

ഇന്നലെ രാത്രിയും ഇന്നുമായി പെയ്ത മഴയാണ് പുകമഞ്ഞ് കൂടാൻ കാരണം. പുകമഞ്ഞ് വർദ്ധിച്ചത് ഏക്സ്പ്രസ് ഹൈവേയിൽ അടക്കം ഗതാഗതത്തെ ബാധിച്ചു. ദില്ലി മെട്രോയിൽ ട്രെയിനുകൾ വേഗത കുറച്ചാണ് ഓടുന്നത്. പുകമഞ്ഞിനെ തുടർന്ന് ദില്ലിലേക്കുള്ള 45 വിമാനങ്ങൾ വഴിതിരിച്ചിവിട്ടു. വിമാനത്താവളത്തിന്റെ പ്രവ‍ർത്തനങ്ങളെയും ബാധിച്ചു. ആളുകൾക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള രോഗങ്ങൾ വ്യാപകമാകുകയാണ്.

വായുഗുണനിലവാര സൂചിക ദില്ലിയിലും സമീപ പട്ടണങ്ങളിലും 400നും 700 ഇടയിലാണ്. നോയിഡയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നി‍ർമ്മാണ നിരോധനം ലംഘിച്ച 38 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ആരോഗ്യഅടിയന്തരാവസ്ഥക്ക് പിന്നാലെ ദില്ലിയിൽ നാളെ മുതൽ ഒറ്റ ഇരട്ട നമ്പർ വാഹന നിയന്ത്രണം നടപ്പാക്കും. മലിനീകരണതോതിനെക്കുറിച്ച് പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതി നാളെ റിപ്പോ‍ർട്ട് സമ‍ർപ്പിക്കും. അയ‌ൽസംസ്ഥാനങ്ങളിൽ കൊയ്ത്തു കഴിഞ്ഞപാടങ്ങൾ കത്തിക്കുന്നതിനെതിരെയുള്ള ഹർജിയും കോടതി പരിഗണിക്കും.

രാജ്യത്ത് വായുമലിനീകരണം അപകടകരമായി ഉയരുന്നത് ആയുർദൈർഘ്യത്തെയും ബാധിക്കുന്നതായി പഠനങ്ങൾ പുറത്തുവന്നു. ഗംഗാസമതല പ്രദേശങ്ങളിൽ ജീവിക്കുന്നവരിൽ 7 വർഷവും, രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ നാലു വർഷവും വായുമലിനീകരണം കൊണ്ട്  ആയുസ് കുറഞ്ഞുവെന്ന് കണ്ടെത്തൽ. ഷിക്കാഗോ സർവ്വകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടാണ് പഠനം പുറത്ത് വിട്ടത്.

Follow Us:
Download App:
  • android
  • ios