ഗ്യാനേഷിൻ്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ ഇന്ന് ഇടത് സംഘടനകൾ നടത്തുന്ന പ്രക്ഷോഭം സംഘർഷഭരിതമായി. കൊണാട്ട് പ്ലേസ് ഉൾപ്പെടെയുള്ള മേഖലകളിൽ നടന്ന പ്രതിഷേധത്തിൽ ജോൺ ബ്രിട്ടാസ് എം പി അടക്കമുള്ള നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്താൽ അവധി ദിവസമായ ഞായറാഴ്ചയും ദില്ലി സമരഭരിതമായി. ഇടത് സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പലയിടത്തും പ്രതിഷേധക്കാരെയും നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പൊലീസ് മർദ്ദിച്ചെന്ന് ജോൺ ബ്രിട്ടാസ് എം പിയും ഇടത് സംഘടന നേതാക്കളും പരാതിപ്പെട്ടു. എസ് എഫ് ഐ, ഡി വൈ എഫ് ആ, ഐസ, എ ഐ എസ് എഫ്, ഫ്രറ്റേണിറ്റി തുടങ്ങി നിരവധി സംഘടനകൾ നടത്തിയ പ്രതിഷേധങ്ങളെല്ലാം സംഘർഷത്തിനിടയാക്കി. ഇടുങ്ങിയ അറകളുള്ള വാഹനങ്ങളിലാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുക്കുന്നതെന് ഐസ നേതാവ് നേഹ ബോറ ആരോപിച്ചു. ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം രാജ്യ തലസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്.

നിയന്ത്രണങ്ങൾ നീക്കിയതോടെ പ്രതിഷേധം ശക്തമായി

ഇന്നലത്തെ നിയന്ത്രണങ്ങൾ നീക്കി മെട്രോ സ്റ്റേഷനുകൾ അടക്കം തുറന്നതോടെ ദില്ലിയിലെ പല മേഖലകളിലും പ്രതിഷേധം തുടരുകയാണ്. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിന് അടുത്ത് എ ഐ എസ് എഫ്, എസ് എഫ് ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ 11:30 നാണ് പ്രതിഷേധം തുടങ്ങിയത്. ഇന്നർ സർക്കിളിലേക്ക് കയറിയ ഉടൻ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കാൻ തുടങ്ങി. ബസ്സുകളിലേക്ക് പ്രവര്‍ത്തകരം വലിച്ച് കയറ്റാൻ നോക്കിയത് സംഘർഷത്തിന് ഇടയാക്കി. പോലീസിനെ വെട്ടിച്ച് ചിലർ ഓടിയതോടെ ഏറെ നേരം സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നു. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിക്ക് ഉൾപ്പെടെ പരിക്കേറ്റു. ഇതിനിടയിലാണ് ജോൺ ബ്രിട്ടാസ് എം പി നടപടി ചോദ്യം ചെയ്ത് കൊണാട്ട് പ്ലേസിൽ എത്തിയത്. പോലീസുമായി ജോൺ ബ്രിട്ടാസ് ഏറെ നേരം തർക്കിച്ചു. ഇതോടെ എം പിയേയും പോലീസ് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി. കുറച്ചുദൂരം കൊണ്ടു പോയ ശേഷം ഡി സി പിയുടെ നിർദ്ദേശപ്രകാരം ബ്രിട്ടാസിനെ വഴിയിൽ ഇറക്കി വിടുകയായിരുന്നു. തന്നെ പോലീസ് മർദ്ദിച്ചു എന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. ആനി രാജ അടക്കം നേതാക്കളെയും പോലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. എസ് എഫ് ഐ, ഡി വൈ എഫ് ഐ നേതാക്കളെ സ്റ്റഡിയിലെടുത്ത് നീക്കിയത് ഇടുങ്ങിയ ഇരുമ്പറകൾ ഉള്ള വാഹനത്തിലാണെന്നാണ് പരാതി. വാഹനത്തിനകത്തുവെച്ച് പോലീസ് മർദ്ദിച്ചെന്നും നേതാക്കൾ പറഞ്ഞു.

ആർകെ ആശ്രം മെട്രോ സ്റ്റേഷന് താഴെയാണ് ഐസയുടെയും ഫ്രറ്റേണിറ്റിയുടെയും നേതൃത്വത്തിൽ ഇന്ന് പ്രതിഷേധങ്ങൾ നടന്നത്. കേരളത്തിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളും ഫ്രറ്റേണിറ്റിയുടെ പ്രതിഷേധത്തിൽ ഉണ്ടായിരുന്നു. ഐസയുടെ പ്രകടനം തടഞ്ഞ പോലീസ് ഒരു സംഘത്തെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും നേഹാ ബോറയുടെ നേതൃത്വത്തിലുള്ളവർ കൊണാട്ട് പ്ലേസിലേക്ക് ഓടിയെത്തി. നേഹയെ കൊണാട്ട് പ്ലേസിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പലയിടത്തും മാധ്യമപ്രവർത്തകരെ പോലീസ് പ്രതിഷേധക്കാർക്കൊപ്പം ബസുകളിലേക്ക് കയറ്റിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സജിൻ ശോഭ അടക്കമുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് ബസ്സിൽ കയറ്റി. അരമണിക്കൂർ കഴിഞ്ഞാണ് മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടത്. യൂത്ത് കോൺഗ്രസ്, എൻ എസ്‌ യു ഐ പ്രവർത്തകർ റായ്‌സീന റോഡിൽ പ്രതിഷേധിച്ചു. ജന്തർ മന്ദറിനകത്തേക്ക് കയറാൻ ഇന്നും പോലീസ് ആർക്കും അനുവാദം നൽകിയില്ല. എന്നാൽ ജന്തർ മന്ദറിന് തൊട്ടടുത്തുള്ള കൊണാട്ട് പ്ലേസും അതിനടുത്തുള്ള ആർ കെ ആശ്രം മാർഗുമെല്ലാം സമര കേന്ദ്രങ്ങളായി മാറുന്ന കാഴ്ചയ്ക്കാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്.

YouTube video player