ദില്ലി: കാണാതായ ഇന്റലിജൻസ് ബ്യൂറോ(ഐബി) ഉദ്യോഗസ്ഥൻ അങ്കിത് ശർമ(26)യുടെ മൃതദേഹം കണ്ടെടുത്തു. ബുധനാഴ്ച ഉച്ചയോടെ കലാപത്തിൽ മുങ്ങിയ വടക്ക് കിഴക്കൻ ദില്ലിയിലെ ചാന്ദ്ബാഗ് പ്രദേശത്തെ അഴുക്കുചാലിൽ നിന്നാണ് അങ്കിതിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. ഇന്‍റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്‍റായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അങ്കിതിനെ ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ അങ്കിത് സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയും തുടർന്ന് അക്രമകാരികൾ അദ്ദേഹത്തിന്റെ മൃതദേഹം ഓടയിലേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജിടിബി ആശുപത്രിയിലേക്ക് അയച്ചു.

സമയം ഏറെ വൈകിയിട്ടും അങ്കിത് വീട്ടിൽ‌ എത്താത്തതിനെ തുടർന്നാണ് അദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസിൽ പരാതി നൽകിയത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അങ്കിതിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. അതേസമയം, ആം ആദ്മി പ്രവർ‌ത്തകരാണ് അങ്കിതിന്റെ കൊലയ്ക്ക് പിന്നില്ലെന്ന് ഐബി ഉദ്യോ​ഗസ്ഥനായ പിതാവ് രവീന്ദർ ശർമ്മ ആരോപിച്ചു. ക്രൂരമായ ആക്രമണത്തിനുശേഷം അങ്കിതിനുനേരെ അക്രമകാരികൾ നിറയൊഴിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

അങ്കിത് ശര്‍മയുടെ മരണത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ അനുശോചനം അറിയിച്ചു. അങ്കിതിന്റെ ഘാതകരെ വെറുതെ വിടരുതെന്ന് കെ‍ജ്‌‍രിവാൾ ആവശ്യപ്പെട്ടു. അങ്കിത് ശർമയുടെ മരണം അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് ദില്ലി ഹൈക്കോടതി വിലയിരുത്തി.

വടക്കുകിഴക്കൻ ദില്ലിയിലെ വിവിധയിടങ്ങളിൽ അക്രമസംഭവങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പലയിടത്തും അക്രമികള്‍ കടകളും വാഹനങ്ങളും തീവച്ചു നശിപ്പിച്ചു. മൗജ്പൂര്‍, ബ്രഹ്മപുരി, ചാന്ദ്ബാഗ് തുടങ്ങിയ മേഖലകളിലാണ് കലാപം ശക്തപ്പെടുന്നത്. കലാപം മൂന്നാം ദിവസത്തേയ്ക്ക് കടക്കുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ ഇതുവരെ 23 പേർ ദില്ലിയിൽ കൊല്ലപ്പെട്ടു. 180ലധികം പേർക്ക് കലാപത്തിൽ പരിക്കേറ്റിട്ടുണ്ട്. കലാപമേഖലയിൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ആക്രമണമുണ്ടായി. ചിലര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ജാഫ്രാബാദിലെ പൗരത്വ നിയമ വിരുദ്ധ സമരത്തിനെതിരെ ബിജെപി നേതാവ് കപിൽ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പിന്നാലെയായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്. വടക്കൻ ദില്ലിയിൽ നാലിടത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയിൽ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച ‍ഹൈക്കോടതി വിദ്വേഷ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. വിഷയത്തിൽ എന്തുകൊണ്ടാണ് കേസെടുക്കാത്തെന്ന് കോടതി ദില്ലി പൊലീസിനോട് ആരാഞ്ഞു. കപിൽ മിശ്രയടക്കം നാലുപേര്‍ക്കെതിരെ കേസെടുക്കാൻ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയർന്നതോടെ സമാധാനാഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്തെത്തി. ട്വിറ്ററിലൂടെയാണ് മോദി ദില്ലിയിലെ ജനതയോട് സമാധാനം പുലർത്താൻ ആവശ്യപ്പെട്ടത്. ശാന്തിയും സമാധാനവുമാണ് നമ്മുടെ മുഖമുദ്രയെന്നും ദില്ലിയിലെ സഹോദരീ- സഹോദരന്മാര്‍ എല്ലായ്പ്പോഴും സമാധാനവും ഐക്യവും പാലിക്കണമെന്നും മോദി പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി.