Asianet News MalayalamAsianet News Malayalam

ദില്ലി കലാപം: ആറ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പൊലീസ് നടപടികള്‍ എടുത്തില്ല

ഇത് പ്രകാരം തന്നെ നടന്ന സംഭവങ്ങള്‍ ഞായറാഴ്ചയ്ക്ക് ശേഷം കൈവിട്ടുപോയി വലിയ വര്‍ഗ്ഗീയ കലാപമായി പരിണമിക്കുകയായിരുന്നു. എന്നാല്‍ പ്രദേശിക പൊലീസിന് നല്‍കിയ ഈ വിവരങ്ങള്‍ ഇവര്‍ കൃത്യമായി പിന്തുടര്‍ന്നില്ലെന്നാണ് പറയുന്നത്. 

Delhi violence Police sat on six intel warnings
Author
New Delhi, First Published Feb 27, 2020, 5:59 PM IST

ദില്ലി: ദില്ലിയിലെ വര്‍ഗ്ഗീയ കലാപത്തില്‍ പൊലീസിന്‍റെ അനാസ്ഥ തുറന്നുകാട്ടി പുതിയ റിപ്പോര്‍ട്ട്. ഞായറാഴ്ച ആരംഭിച്ച സംഘര്‍ഷത്തിന് മുന്നോടിയായി ഇന്‍റലിജന്‍സും സ്പെഷ്യല്‍ ബ്രാഞ്ചും സംഘര്‍ഷ സാധ്യത സംബന്ധിച്ച് ആറ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടാണ് ദില്ലി പൊലീസിന് നല്‍കിയത്. എന്നാല്‍ ഇതില്‍ കാര്യമായ നടപടികള്‍ ഒന്നും എടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്. വടക്ക് കിഴക്കന്‍ ദില്ലിയിലെ മൗജപൂരില്‍ ജനങ്ങളോട് സംഘടിക്കാന്‍ ആവശ്യപ്പെട്ട ബിജെപി നേതാവ് കപില്‍ മിശ്രയുടെ ആഹ്വാനം വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നായിരുന്നു ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.

ഇത് പ്രകാരം തന്നെ നടന്ന സംഭവങ്ങള്‍ ഞായറാഴ്ചയ്ക്ക് ശേഷം കൈവിട്ടുപോയി വലിയ വര്‍ഗ്ഗീയ കലാപമായി പരിണമിക്കുകയായിരുന്നു. എന്നാല്‍ പ്രദേശിക പൊലീസിന് നല്‍കിയ ഈ വിവരങ്ങള്‍ ഇവര്‍ കൃത്യമായി പിന്തുടര്‍ന്നില്ലെന്നാണ് പറയുന്നത്. വിവിധ റേഡിയോ സന്ദേശങ്ങളും ഇത് സംബന്ധിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയതായി പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങളോട് സംഘടിക്കാന്‍ കപില്‍ മിശ്ര ഉച്ചയ്ക്ക് 1.22 ന് സംഘടിക്കാന്‍ ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു. ഈ സമയത്താണ് ആദ്യ സന്ദേശം നല്‍കിയത്. മൗജപ്പൂര്‍ ചൗക്കില്‍ വൈകീട്ട് 3ന് സംഘടിക്കാനും സിഎഎ അനുകൂല റാലിക്കുമാണ് കപില്‍ മിശ്ര അഹ്വാനം ചെയ്തത്.

എന്നാല്‍ കപില്‍ മിശ്ര ജാഫ്രബാദിലെ മെട്രോ സ്റ്റേഷന് അടുത്തള്ള സിഎഎ വിരുദ്ധ പ്രക്ഷോഭ വേദിക്ക് അടുത്തുവരുന്ന കാര്യവും, അത് ഉണ്ടാക്കിയേക്കാവുന്ന സംഘര്‍ഷാവസ്ഥയും മനസിലാക്കി പൊലീസ് ഇടപെട്ടില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്. ഇത് വ്യക്തമാക്കി നേരത്തെ തന്നെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ടായിരുന്നു.

ഫെബ്രുവരി 22ന്  ജാഫ്രബാദിലെ മെട്രോ സ്റ്റേഷന് അടുത്തള്ള സിഎഎ വിരുദ്ധ പ്രക്ഷോഭ വേദിയില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നതും അവിടെ ഒരു സമര വേദിയാകുന്നതും അവിടെ നിന്ന് വെറും 1.2 കിലോ മീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് പൊലും അറിയില്ലായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ബീറ്റ് പൊലീസുകാര്‍ക്കും ഇത് മനസിലായില്ല. ഇതേ സമയം കപില്‍ മിശ്രയുടെ സന്ദര്‍ശനത്തിന് ശേഷം ഉടലെടുത്ത സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ കൃത്യമായ പൊലീസ് വിന്യാസം നടന്നില്ലെന്നും, ഉന്നതതലത്തില്‍ നിന്നുള്ള നിര്‍ദേശം പൊലീസിന് കിട്ടിയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത് വലിയ ഇന്‍റലിജന്‍സ് പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Follow Us:
Download App:
  • android
  • ios