ആദ്യം ഒരു യുവതിയാണ് വീടിന് പുറത്തേക്ക് ചെന്നത്. ബഹളം കേട്ട് യുവാവും ഇറങ്ങിച്ചെന്നു. ഇതിനിടെയായിരുന്നു മർദനം.

ബംഗളുരു: അഡ്രസ് തെറ്റിയതിനെച്ചൊല്ലി ഡെലിവറി എക്സിക്യൂട്ടീവ് ഉപഭോക്താവിനെ മർദിച്ചെന്ന് പരാതി. അടിയേറ്റ ഉപഭോക്താവിന് സാരമായ പരിക്കുകളുണ്ട്. മുഖത്ത് നീരും തലയോട്ടിക്ക് പരിക്കുമുണ്ടെന്ന് അദ്ദേഹം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ കമ്പനിയും നടപടിയെടുക്കുമെന്ന് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ബംഗളുരുവിലെ ബസവേശ്വര നഗർ സ്വദേശിയായ ശശാങ്കിനെ ഓൺലൈൻ ഗ്രോസറി ഡെലിവറി കമ്പനിയായ സെപ്റ്റോയുടെ ഏജന്റായ വിഷ്ണുവർദ്ധനാണ് മർദിച്ചത്. സംഭവത്തിന്റെ ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നു. ഓർഡർ ചെയ്ത ഗ്രോസറി സാധനങ്ങൾ ഏജന്റ് കൊണ്ടുവന്നു. ശശാങ്കന്റെ ഭാര്യയുടെ സഹോദരിയാണ് ഇത് വാങ്ങാനായി വീടിന് പുറത്തേക്ക് ചെന്നത്. എന്നാൽ കൊടുത്ത വിലാസം തെറ്റായിരുന്നെന്ന് പറഞ്ഞ് ഡെലിവറി ജീവനക്കാരൻ തർക്കിക്കാൻ തുടങ്ങി. ഇത് കണ്ടാണ് ശശാങ്ക് പുറത്തേക്ക് ഇറങ്ങിച്ചെന്നത്.

മൂവരും വീടിന് മുന്നിൽ സംസാരിച്ചുകൊണ്ടിരിക്കെ ഡെലിവറി ജീവനക്കാരൻ പെട്ടെന്ന് ഉപഭോക്താവിനെ മർദിക്കുകയായിരുന്നു. ഇതിന് പുറമെ അസഭ്യവർഷവും തുടർന്നു. ഇതോടെ മറ്റൊരു സ്ത്രീ കൂടി ഓടിയെത്തി രണ്ട് പേരും ചേർന്ന് മർദനമേറ്റ ശശാങ്കിനെ രക്ഷപ്പെടുത്തി. ഉപഭോക്താവിന്റെ മുഖത്ത് നീരുവെച്ച ചിത്രങ്ങൾ പിന്നീട് പുറത്തുവന്നു. തലയോട്ടിയിൽ പരിക്കുണ്ടെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ നടപടിയെടുക്കണമെന്ന് അറിയിച്ച സെപ്റ്റോ അധികൃതർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം