Asianet News MalayalamAsianet News Malayalam

'ലൈംഗികബന്ധം മനഃപൂർവം നിഷേധിക്കുന്നത് ക്രൂരത': 35 ദിവസം മാത്രം നീണ്ട വിവാഹബന്ധം വേർപെടുത്തിയത് ശരിവെച്ച് കോടതി

ലൈംഗിക ബന്ധത്തിലെ നിരാശയേക്കാൾ മാരകമായി വിവാഹ ബന്ധത്തില്‍ മറ്റൊന്നുമില്ലെന്ന് കോടതി

denial of sex by spouse amounts to cruelty delhi high court SSM
Author
First Published Sep 19, 2023, 10:25 AM IST

ദില്ലി: ജീവിത പങ്കാളിക്ക് മനഃപൂർവം ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് ദില്ലി ഹൈക്കോടതി. 35 ദിവസം മാത്രം നീണ്ടുനിന്ന വിവാഹ ബന്ധം വേര്‍പെടുത്താന്‍ അനുമതി നല്‍കിയ കുടുംബ കോടതി ഉത്തരവ് ശരിവെച്ചാണ് ദില്ലി ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് സുരേഷ് കുമാർ കൈത് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. 

ലൈംഗിക ബന്ധമില്ലാത്ത വിവാഹം നിന്ദ്യമായതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ലൈംഗിക ബന്ധത്തിലെ നിരാശയേക്കാൾ മാരകമായി വിവാഹബന്ധത്തില്‍ മറ്റൊന്നുമില്ലെന്നും കോടതി പറഞ്ഞു. 

വിവാഹത്തിനു ശേഷം ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, സ്ത്രീധനത്തിന്‍റെ പേര് പറഞ്ഞ് പീഡിപ്പിച്ചെന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയതും ക്രൂരതയാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീധന പീഡനത്തിന് തെളിവില്ലെന്ന് കോടതി പറഞ്ഞു. പങ്കാളിക്ക് ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണ്. പ്രത്യേകിച്ച് നവദമ്പതികള്‍ക്കിടയില്‍ അങ്ങനെ സംഭവിച്ചാല്‍ വിവാഹമോചനം അനുവദിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. ഈ കേസിൽ കക്ഷികൾ തമ്മിലുള്ള വിവാഹം 35 ദിവസം മാത്രമാണ് നീണ്ടുനിന്നതെന്ന് കോടതി നിരീക്ഷിച്ചു.

2004ല്‍ ആണ് ഹിന്ദു ആചാര പ്രകാരം യുവാവും യുവതിയും വിവാഹിതരായത്.  ഒരു മാസത്തിനു ശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് തിരിച്ച് ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് വന്നില്ല. ഭര്‍ത്താവ് പിന്നീട് വിവാഹമോചനത്തിന് കുടുംബ കോടതിയെ സമീപിച്ചു. അതിനിടെ യുവതി സ്ത്രീധന പീഡന പരാതി നല്‍കിയതോടെ യുവാവിനെതിരെ കേസെടുത്തു. എന്നാല്‍ സ്ത്രീധന പീഡനം സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ ഈ പരാതി ക്രൂരതയായേ കണക്കാക്കാനാവൂ എന്ന് കോടതി വ്യക്തമാക്കി. ശാരീരിക പ്രശ്നങ്ങളോ സാധുവായ കാരണമോ ഇല്ലാതെ വിവാഹത്തില്‍ ഏറെക്കാലം ലൈംഗിക ബന്ധം നിരസിക്കുന്നത് മാനസിക ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

Follow Us:
Download App:
  • android
  • ios