പിറന്നാൾ സുഹൃത്തുക്കൾക്ക് ഒപ്പം ആഘോഷിക്കാനുള്ള പദ്ധതി പൊളിഞ്ഞതാണ് ആത്മഹത്യയിലേക്ക് നയിച്ചത്
ഭോപ്പാൽ: അച്ഛൻ കാറിന്റെ കീ നൽകാതിരുന്നതിനെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെ മകൻ സ്വയം വെടിവച്ച് മരിച്ചു. ഭോപ്പാലിലെ അവാധ്പുരിയിലാണ് സംഭവം. എംബിഎ ബിരുദധാരിയായ ശൈലേന്ദ്ര സിങ് സോഖിയ (27) ആണ് മരിച്ചത്.
ഏപ്രിൽ ഒന്നിന് ശൈലേന്ദ്രയുടെ പിറന്നാളായിരുന്നു. അന്ന് മുത്തച്ഛനെ രോഘം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ആഘോഷം നടത്താനായില്ല. ഉത്തർപ്രദേശിലെ ലളിത്‌പുറിൽ സർക്കാർ അദ്ധ്യാപകരാണ് ഇദ്ദേഹത്തിന്റെ അച്ഛൻ ഭൂപേന്ദ്രയും അമ്മ ഗീത സിങും. രോഗവിവരം അറിഞ്ഞാണ് ഇരുവരും ഭോപ്പാലിൽ എത്തിയത്.
ഗീതയോട് നാലായിരം രൂപ വാങ്ങിയ ശേഷം പുറത്തുപോകാനായിരുന്നു ശൈലേന്ദ്രയുടെ പദ്ധതി. ശൈലേന്ദ്രയുടെ മദ്യപാന ശീലത്തെ കുറിച്ച് അറിവുണ്ടായിരുന്ന ഭൂപേന്ദ്ര ഇത് തടഞ്ഞു. കാറുമായി പുറത്തുപോയി മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തരുതെന്നായിരുന്നു താൻ തടയാൻ കാരണമെന്ന് ഭൂപേന്ദ്ര പിന്നീട് പൊലീസിനോട് പറഞ്ഞു.
ഭൂപേന്ദ്രയോട് രോഷംപൂണ്ട ശൈലേന്ദ്ര വീട്ടിലുണ്ടായിരുന്ന എൽഇഡി ടിവിയും സോഫ സെറ്റും തകർത്തു. പിന്നീട് വീടിന്റെ താഴത്തെ നിലയിലേക്ക് പോയ അദ്ദേഹം കുറച്ച് സമയത്തിന് ശേഷം മുകളിലേക്ക് കയറിവന്ന് അമ്മയോട് ഒരു ഗ്ലാസ് വെള്ളത്തിന് ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ അമ്മ അടുക്കളയിലേക്ക് പോയ സമയത്ത് സ്വന്തം മുറിയിലേക്ക് കയറി ശൈലേന്ദ്ര വാതിലടച്ചു.
പിന്നീട് ഒരു വെടിയൊച്ചയാണ് കുടുംബാംഗങ്ങൾ കേട്ടത്. വാതിൽ ശൈലേന്ദ്ര അകത്ത് നിന്ന് അടച്ചിരുന്നതിനാൽ ഇത് തകർത്താണ് അകത്ത് കടന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുൻപ് തന്നെ ശൈലേന്ദ്ര മരിച്ചിരുന്നു. മൂന്ന് വർഷം മുൻപ് ശൈലേന്ദ്രയുടെ വിവാഹം കഴിഞ്ഞിരുന്നു. ഇരുവരും അവാധ്പുരിയിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്.
ഇടക്കാലത്ത് ജോലി രാജിവച്ച അദ്ദേഹം സ്വന്തമായി ബിസിനസ് ആരംഭിക്കാനുള്ള ആലോചനയിലായിരുന്നു. മൂന്ന് സഹോദരങ്ങളിൽ മൂത്തയാളാണ് ശൈലേന്ദ്ര.
