Asianet News MalayalamAsianet News Malayalam

റെഡ് അലര്‍ട്ട്, സ്കൂളുകൾക്ക് അവധി, റെയില്‍ - വ്യോമ ഗതാഗതം തടസ്സപ്പെട്ടു; കനത്ത മൂടൽമഞ്ഞിൽ മുങ്ങി ഉത്തരേന്ത്യ

ജനുവരി 2 വരെ ഈ സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. രാജധാനി എക്സ്പ്രസ് ഉൾപ്പെടെ നിരവധി ട്രെയിനുകൾ 10 മണിക്കൂര്‍ മുതൽ 12 മണിക്കൂർ വരെ വൈകിയാണ് ഓടുന്നത്

dense fog red alert in delhi schools closed several flights trains delayed SSM
Author
First Published Dec 29, 2023, 1:12 PM IST

ദില്ലി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്.  ജനുവരി 2 വരെ ഈ സ്ഥിതി തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കി. ദില്ലി, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങളില്‍ തണുപ്പ് തുടരുമെന്നും മുന്നറിയിപ്പുണ്ട്. പഞ്ചാബ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിൽ ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

ഡിസംബർ 31ന് പഞ്ചാബിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നല്‍കി. ജനുവരി 2 വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മൂടല്‍മഞ്ഞ് ഗതാഗത സംവിധാനങ്ങളെ ബാധിച്ചു. ചില ട്രെയിനുകള്‍ റദ്ദാക്കിയപ്പോള്‍, മിക്കവയും വൈകിയാണ് സര്‍വീസ് നടത്തുന്നത്. ദില്ലി - ഹൗറ റൂട്ടിലെ രാജധാനി എക്സ്പ്രസ് ഉൾപ്പെടെ ഡസൻ കണക്കിന് ട്രെയിനുകൾ 10 മണിക്കൂര്‍ മുതൽ 12 മണിക്കൂർ വരെ വൈകിയാണ് ഓടുന്നത്. വിമാന സര്‍വ്വീസിനെയും മൂടല്‍മഞ്ഞ് ബാധിച്ചു. പലതും വൈകിയാണ് സര്‍വീസ് നടത്തുന്നത്. 

വെള്ളിയാഴ്ച ദില്ലിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില  10.7 ഡിഗ്രി സെൽഷ്യസാണ്. അടുത്ത അഞ്ച് ദിവസങ്ങളിൽ കുറഞ്ഞ താപനില ഏഴ് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നാണ് കണക്കുകൂട്ടല്‍. കടുത്ത തണുപ്പ് കാരണം നോയിഡയും ഗ്രേറ്റർ നോയിഡയും അടങ്ങുന്ന ഗൗതം ബുദ്ധ് നഗറിലെ സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഡിസംബർ 29, 30 തീയതികളിൽ പ്രദേശത്തെ സ്‌കൂളുകൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.

ഫോഗ് ലൈറ്റുകള്‍ ഉപയോഗിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റോഡ്, റെയില്‍, വ്യോമ ഗതാഗതം സംബന്ധിച്ച അപ്ഡേറ്റുകള്‍ കൃത്യമായി പരിശോധിക്കാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios