ദില്ലി: ടിക് ടോക്ക് വീഡിയോകൾക്ക് ലൈക്ക് കിട്ടാത്തതിൽ മനംനൊന്ത് പതിനെട്ടുകാരൻ സ്വയം ജീവനൊടുക്കി. നോയിഡയിലെ സെക്ടര്‍ 39ല്‍ താമസക്കാരനായ കൗമാരക്കാരനെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

വ്യാഴാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. മകന്റെ മുറിയിൽ നിന്ന് ശബ്ദമൊന്നും കേൾക്കുന്നില്ലെന്നും വാതിൽ തുറക്കുന്നില്ലെന്നും കാണിച്ച് പിതാവാണ് പൊലീസിൽ വിവരം അറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് മുറിയുടെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ ഫാനിൽ തൂങ്ങി നിൽക്കുന്ന യുവാവിനെയാണ് കണ്ടത്. പിന്നാലെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

സ്ഥിരമായി ടിക് ടോക്ക് വീഡിയോകൾ ചെയ്യുമായിരുന്ന മകൻ കുറച്ച് ദിവസങ്ങളായി വിഷമത്തിലായിരുന്നുവെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. ടിക് ടോക്കിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ക്ക് മതിയായ ശ്രദ്ധ ലഭിക്കാത്തതുകാരണമാണ് യുവാവ് കടുംകൈ ചെയ്തതെന്ന് സുഹ‍ൃത്തുക്കളും ബന്ധുക്കളും പറയുന്നു.

അതേസമയം, സംഭവ സ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും നോയിഡ പൊലീസ് വ്യക്തമാക്കി.