വാഗാ അതിർത്തി: പാകിസ്ഥാനിൽ നിന്ന് തിരികെയെത്തിയ ശേഷം വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഇനി അമൃത്‍സറിലേക്ക് കൊണ്ടുപോകും. അമൃത്‍സറിലെ സൈനിക ആശുപത്രിയിൽ അഭിനന്ദനെ വിദഗ്‍ധ പരിശോധനയ്ക്ക് വിധേയനാക്കും. പരിക്കേറ്റ അഭിനന്ദന് വിദഗ്‍ധ ചികിത്സ ആവശ്യമാണെന്ന് വ്യോമസേന വ്യക്തമാക്കി.

അമൃത്‍സറിലെ സൈനിക ആശുപത്രിയിൽ വിദഗ്‍ധ ചികിത്സാ സൗകര്യങ്ങളുണ്ട്. പ്രോട്ടോക്കോൾ പ്രകാരം സൈനിക തടവുകാരനായ അഭിനന്ദനെ ആദ്യം വിദഗ്‍ധ പരിശോധനയ്ക്ക് വിധേയനാക്കേണ്ടതുണ്ട്. ഇതിന് ശേഷമാകും അഭിനന്ദനെ ദില്ലിയിലേക്ക് കൊണ്ടുപോകുക. ഇന്ന് തന്നെ അഭിനന്ദനെ ദില്ലിയിലേക്ക് കൊണ്ടുപോകുമോ എന്ന കാര്യം വ്യക്തമല്ല.

അഭിനന്ദന്‍റെ കുടുംബാംഗങ്ങളെ അമൃത്‍സറിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതിർത്തിയിൽ അഭിനന്ദനെ നേരിട്ട് സ്വീകരിക്കാൻ അഭിനന്ദന്‍റെ കുടുംബാംഗങ്ങളുണ്ടായിരുന്നില്ല. അഭിനന്ദനെ വിട്ടുനൽകുന്നത് പാകിസ്ഥാൻ വൈകിപ്പിച്ചതിനെത്തുടർന്നാണ് കുടുംബാംഗങ്ങളെ അമൃത്‍സറിലെ സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ വച്ച് കുടുംബാംഗങ്ങളെ അഭിനന്ദൻ കാണും. 

ദില്ലിയിലെത്തിച്ചാൽ അഭിനന്ദന് വിദഗ്‍ധ ചികിത്സ നൽകാനാണ് വ്യോമസേനയുടെ തീരുമാനം. മിഗ് 21 വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴിയാണ് അഭിനന്ദൻ രക്ഷപ്പെട്ടത്. അതിർത്തി കടന്ന് പറന്നെത്തിയ പാക് സൈന്യത്തിന്‍റെ എഫ് 16 വിമാനങ്ങളെ വെടിവച്ചിടുന്നതിനിടെയാണ് അഭിനന്ദന്‍റെ മിഗ് വിമാനം തകർന്നത്. തകർന്ന വിമാനം വീണത് പാക് അധിനിവേശ കശ്മീരിലാണ്. 

അവിടെ നിന്ന് തദ്ദേശീയർ അഭിനന്ദനെ കണ്ടെത്തിയപ്പോൾ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ അഭിനന്ദനെ പാക് സൈന്യം കൊണ്ടുപോകുകയായിരുന്നു.

നാളെ ദില്ലിയിലെത്തിയ്ക്കുന്ന വിങ് കമാൻഡർ അഭിനന്ദനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി നിർമലാ സീതാരാമനും മറ്റ് കേന്ദ്രമന്ത്രിമാരും കണ്ടേക്കും. എല്ലാ സേനാ മേധാവികളും അഭിനന്ദനെ കാണാനെത്തിയേക്കും.

Read More: ആശങ്കയുടെ മൂന്ന് ദിവസങ്ങൾ; ആത്മവിശ്വാസത്തോടെ അഭിനന്ദൻ, ഒടുവിൽ തല ഉയർത്തി ജന്മനാട്ടിലേക്ക് - നാൾവഴി

പാകിസ്ഥാൻ വൈകിച്ചത് മണിക്കൂറുകൾ

വിങ് കമാൻഡർ അഭിനന്ദനെ കൈമാറാനുള്ള നടപടിക്രമങ്ങൾ പാകിസ്ഥാൻ വൈകിപ്പിച്ചത് മണിക്കൂറുകളാണ്. അഭിനന്ദനെ എപ്പോൾ ഇന്ത്യക്ക് കൈമാറുമെന്നതിൽ വ്യക്തമായ ഒരു വിവരം പാകിസ്ഥാൻ നൽകിയില്ല. വ്യോമസേനയിലെയും വിദേശകാര്യമന്ത്രാലയത്തിലെയും ഉന്നതർ വാഗയിലെത്തി മണിക്കൂറുകൾ കാത്തു നിന്നു. അഭിനന്ദനെ നേരിട്ട് സ്വീകരിക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥരും എയർ വൈസ് മാർഷൽമാരായ ആർജികെ കപൂറും പ്രഭാകരനുമാണ് എത്തിയത്.

വൈകിട്ട് ആറ് മണിയോടെ അഭിനന്ദൻ പുറത്തേയ്ക്ക് വരുമെന്നായിരുന്നു സൂചന. എന്നാൽ അഭിനന്ദനെ കൈമാറുന്ന സമയം പാകിസ്ഥാൻ രണ്ട് തവണ മാറ്റിയതായി വിദേശകാര്യമന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 

ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടത്തിയ ശേഷം കൈമാറാമെന്നായിരുന്നു ആദ്യം പാകിസ്ഥാൻ നിലപാട്. സമാധാന സന്ദേശത്തിന്‍റെ ഭാഗമായി കൂടിയാണ് അഭിനന്ദനെ കൈമാറുന്നതെന്ന സന്ദേശം ലോക രാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് പാകിസ്ഥാൻ ശ്രമിച്ചത്. വാഗാ അതിര്‍ത്തിയിൽ എല്ലാ ദിവസവും ഇന്ത്യയും പാകിസ്ഥാനും സംയുക്തമായാണ് സാധാരണ പതാക താഴ്ത്തൽ ചടങ്ങ് നടത്താറുള്ളത്. 

എന്നാൽ ഭീകരവാദത്തോട് സന്ധിയില്ലെന്ന നിലപാടെടുത്ത ഇന്ത്യ ഇന്നത്തെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. പതാക താഴ്ത്തൽ ചടങ്ങ് തന്നെ ഇന്ത്യ ഉപേക്ഷിച്ചു. അഭിനന്ദിനെ വിട്ട് നൽകുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ച ശേഷവും പ്രകോപനമുണ്ടായാൽ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. 

പാക് പിടിയിലായി മൂന്ന് ദിവസത്തിനകം തന്നെ വിങ് കമാന്‍റര്‍ അഭിനന്ദിനെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനായത് വലിയ നയതന്ത്ര വിജയമെന്നാണ് വിലയിരുത്തുന്നത്. അമേരിക്കയും സൗദി അറേബ്യയും അടക്കം ലോക രാജ്യങ്ങൾ എടുത്ത നിലപാടും ഇന്ത്യക്ക് സഹായകമായി. 

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും വാഗാ അതിര്‍ത്തിയിലേക്ക് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നിര്‍മ്മലാ സീതാരാമൻ ജമ്മുകശ്മീരിലായത് കൊണ്ട് വാഗയിലെത്താനായില്ല. ഇത്തരമൊരു കൈമാറ്റ ചടങ്ങിൽ നിന്ന് രാഷ്ട്രീയക്കാര്‍ വിട്ട് നിൽക്കുന്നതാണ് നല്ലതെന്ന ധാരണയെ തുടര്‍ന്നാണ് പഞ്ചാബ് മുഖ്യമന്ത്രി സ്വീകരണ ചടങ്ങിൽ നിന്ന് വിട്ടു നിന്നത്.