യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിന് 10 ലക്ഷം രൂപ പിഴ
ജനുവരി ഒന്‍പതാം തിയതി ബെംഗളുരുവില്‍ നിന്ന് ദില്ലിയിലേക്ക് ടിക്കറ്റെടുത്ത 55 യാത്രക്കാര്‍ വിമാനത്തിന്റെ അടുത്തേക്ക് എത്തിക്കുന്ന ബസില്‍ ഉണ്ടായിരുന്ന സമയത്താണ് വിമാനം ടേക്ക് ഓഫ് ചെയ്ത് പോയത്.

ബെംഗളുരു: യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിന് 10 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ. 55 യാത്രക്കാരെ കയറ്റാതെ ബെംഗളൂരുവിൽ നിന്ന് വിമാനം പുറപ്പെട്ടതിനാണ് നടപടി. ജനുവരി ഒന്‍പതാം തിയതി ബെംഗളുരുവില്‍ നിന്ന് ദില്ലിയിലേക്ക് ടിക്കറ്റെടുത്ത 55 യാത്രക്കാര്‍ വിമാനത്തിന്റെ അടുത്തേക്ക് എത്തിക്കുന്ന ബസില്‍ ഉണ്ടായിരുന്ന സമയത്താണ് വിമാനം ടേക്ക് ഓഫ് ചെയ്ത് പോയത്. ഇവരെ വിമാനത്തിനുള്ളിലേക്ക് കയറ്റാതെ വിമാനം പുറപ്പെട്ടത് കണ്ട് കാര്യം മനസിലാകാത്ത അവസ്ഥയിലായിരുന്നു ബസിലെ വിമാനക്കമ്പനി ജീവനക്കാരും ടിക്കറ്റെടുത്ത യാത്രക്കാരും.
ജി 8 116 വിമാനമാണ് യാത്രക്കാരെ മറന്ന് പറന്നുയര്‍ന്നത്. പുലര്‍ച്ചെ 6.30നുള്ള സര്‍വ്വീസിന് തയ്യാറായി എത്തിയ യാത്രക്കാര്‍ക്ക് പിന്നീട് മണിക്കൂറുകള്‍ വൈകിയാണ് മറ്റ് വിമാനങ്ങളില്‍ സീറ്റ് നേടാനായത്. ഇതോടെ വ്യോമയാന മന്ത്രിയേയും പ്രധാനമന്ത്രിയേയും ടാഗ് ചെയ്ത് യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സംഭവത്തില്‍ ഗോ ഫസ്റ്റ് എയര്‍വേസിന് ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
യാത്രക്കാരെ കയറ്റാന്‍ മറന്ന് ഗോ ഫസ്റ്റ് എയര്‍വേസ്; കാരണം കാണിക്കല്‍ നോട്ടീസുമായി ഡിജിസിഎ
യാത്രക്കാരെയും കാര്‍ഗോയേയും കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ വിശദമാക്കി. യാത്രക്കാരെ വിമാനത്തില്‍ കയറ്റുന്നതിനും ലിസ്റ്റ് ചെയ്യുന്നതിലും വീഴ്ചയുണ്ടായി. ശരിയായ രീതിയിലുള്ള ആശവിനിമയം നടക്കാത്തതാണ് ഇത്തരമൊരു വീഴ്ചയ്ക്ക് കാരണമായത്. ടെര്‍മിനല്‍ കോര്‍ഡിനേറ്ററും കൊമേഴ്സ്യല്‍ സ്റ്റാഫിനും വീഴ്ച സംഭവിച്ചുവെന്നും ഡിജിസിഎ വിശദമാക്കുന്നത്.