Asianet News MalayalamAsianet News Malayalam

അപകടങ്ങള്‍ തുടര്‍ക്കഥ: വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശങ്ങളുമായി ഡിജിസിഎ

വിമാനം പറന്നുയരുമ്പോഴും നിലത്തിറക്കുമ്പോഴും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് സര്‍ക്കറുലറില്‍ നിര്‍ദ്ദേശങ്ങളുണ്ട്. പൈലറ്റുൾപ്പെടെ കോക്ക്പിറ്റിലുള്ള എല്ലാ അംഗങ്ങളും അനുഭവസമ്പന്നരായിരിക്കണം. കാലാവസ്ഥയെപ്പറ്റി കൃത്യമായ ധാരണയുണ്ടാവണം. 

dgca issue special directions to ensure the safety of flights
Author
Delhi, First Published Jul 3, 2019, 9:16 AM IST

ദില്ലി: തുടർച്ചയായുണ്ടാവുന്ന റൺവേ അപകടങ്ങളുടെയും കാലവർഷം കനത്തതിന്‍റേയും പശ്ചാത്തലത്തിൽ വിമാനയാത്രകൾ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി ‍ഡിജിസിഎയുടെ ഉത്തരവ്. വിമാനയാത്രകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ അനുഭവസമ്പന്നരായ പൈലറ്റുമാരുടെ സേവനം ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.

ജയ്പൂരില്‍ നിന്ന് 167 യാത്രക്കാരുമായി മുംബൈയിലെത്തിയ സ്പൈസ്ജെറ്റ് വിമാനം കഴിഞ്ഞ ദിവസം റൺവേയിൽ നിന്നും തെന്നി നീങ്ങിയത് പരിഭ്രാന്തി പരത്തിയിരുന്നു. രണ്ട് ദിവസം മുൻപ് സൂററ്റ് വിമാനത്താവളത്തിലും മംഗളൂരു വിമാനത്താവളത്തിലും റൺവേയിൽ വിമാനം തെന്നിമാറി അപകടങ്ങളുണ്ടായി. അടിക്കടിയുണ്ടാകുന്ന ഈ സംഭവങ്ങളാണ് ഡ‍യറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കര്‍ശന നിലപാടിലേക്ക് നീങ്ങാന്‍ കാരണം. 

ഇത്തരം അപകടങ്ങള്‍ ഇല്ലാതാക്കാന്‍ കര്‍ശന ജാഗ്രതയും മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്ന് ഡിജിസിഎ സര്‍ക്കുലറില്‍ പറയുന്നു. വിമാനത്താവളങ്ങളിൽ മതിയായ വെളിച്ചം ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. വിമാനം പറന്നുയരുമ്പോഴും നിലത്തിറക്കുമ്പോഴും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും സര്‍ക്കറുലറില്‍ നിര്‍ദ്ദേശങ്ങളുണ്ട്. പൈലറ്റുൾപ്പെടെ കോക്ക്പിറ്റിലുള്ള എല്ലാ അംഗങ്ങളും അനുഭവസമ്പന്നരായിരിക്കണം. കാലാവസ്ഥയെപ്പറ്റി കൃത്യമായ ധാരണയുണ്ടാവണം. 

സുരക്ഷിതമായ ലാന്‍റിംഗ് ഉറപ്പിക്കാനാവാത്ത സാഹചര്യങ്ങളിൽ എടുക്കേണ്ട മുൻകരുതലുകളെപ്പറ്റിയും സർക്കുലറില്‍ പറയുന്നു. പ്രതികൂല കാലാവസ്ഥയും റൺവേയിലെ തെന്നിമാറലും കാരണം അൻപതിലേറെ വിമാനങ്ങളാണ് വിവിധയിടങ്ങളിലായി കഴിഞ്ഞ നാല്പത്തിയെട്ട് മണിക്കൂറിനിടെ റദ്ദാക്കിയത്. കനത്ത മഴയെത്തുടർന്ന് റൺവേ അടച്ച മുംബൈ വിമാനത്താവളത്തിൽ സർവ്വീസുകൾ പുനസ്ഥാപിക്കാൻ 48 മണിക്കൂറെടുത്തിരുന്നു. 

Follow Us:
Download App:
  • android
  • ios