ധർമസ്ഥലയെന്ന ക്ഷേത്ര പട്ടണത്തിൽ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന ഗുരുതരമായ വെളിപ്പെടുത്തൽ മുൻ ശുചീകരണത്തൊഴിലാളി നടത്തുമ്പോഴും പൊലീസ് സംവിധാനം നിശ്ചലമാണ്.
ബംഗ്ളൂരു: ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ മറവ് ചെയ്തെന്ന വെളിപ്പെടുത്തലിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച് കര്‍ണാടക സർക്കാർ ഉത്തരവിറക്കി. ഡിജിപി പ്രണബ് മൊഹന്തി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. ഐജി എം എൻ അനുചേത്, ഡിസിപി സൗമ്യലത, എസ് പി ജിതേന്ദ്രകുമാർ ദായം എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങൾ.
ധർമസ്ഥലയെന്ന ക്ഷേത്ര പട്ടണത്തിൽ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന ഗുരുതരമായ വെളിപ്പെടുത്തൽ മുൻ ശുചീകരണത്തൊഴിലാളി നടത്തുമ്പോഴും പൊലീസ് സംവിധാനം നിശ്ചലമാണ്. മൃതദേഹം പലതും കുഴിച്ചുമൂടിയെന്ന് സാക്ഷി വെളിപ്പെടുത്തിയ മൂന്ന് പ്രധാന ഇടങ്ങളും പൊലീസ് അടച്ചുകെട്ടുകയോ സുരക്ഷിതമാക്കുകയോ ചെയ്തിട്ടില്ല. പൊലീസിന് ധർമസ്ഥല ക്ഷേത്രാധികാരികളെ ഭയമാണെന്നും തെളിവ് നശിപ്പിക്കാൻ മൃതദേഹം പലതും ഇവിടെ നിന്ന് മാറ്റാൻ നീക്കമുണ്ടെന്നും പ്രാദേശിക ഹിന്ദുസംഘടനാ നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ...
''ഞാൻ 1994 മുതൽ 2014 വരെ ധർമസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിന് കീഴിൽ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്നയാളാണ്. കടുത്ത കുറ്റബോധമാണ് എന്നെ ഇവിടെ എത്തിച്ചത്. ഞാൻ മറവ് ചെയ്ത സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ നൂറുകണക്കിന് മൃതദേഹം എന്നെ വേട്ടയാടുന്നു. പറഞ്ഞത് ചെയ്തില്ലെങ്കിൽ അവരിലൊരു മൃതദേഹമായി ഞാനും മണ്ണിൽ മൂടപ്പെട്ട് പോയേനെ എന്നത് കൊണ്ട് മാത്രമാണ് ഞാനത് ചെയ്തത്. നേത്രാവതി നദിക്കരയിലടക്കം പലയിടങ്ങളിലായി കണ്ട മൃതദേഹം പലതും ആത്മഹത്യകളോ മുങ്ങി മരണമോ ആണെന്നാണ് ഞാൻ കരുതിയത്. പിന്നീടാണ് ഇതിൽപ്പലതിലും ലൈംഗികാതിക്രമത്തിന്‍റെ പാടുകളും മുറിവുകളും ഞാൻ കണ്ടത്. ഇവയൊന്നും പൊലീസിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല.
2010-ൽ കല്ലേരിയിലെ ഒരു പെട്രോൾ പമ്പിനടുത്ത് ഞാൻ കണ്ട, പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന, ഒരു കൊച്ചു പെൺകുട്ടിയുടെ മൃതദേഹമുണ്ട്. സ്കൂൾ യൂണിഫോമിലുള്ള, എന്നാൽ അടിവസ്ത്രങ്ങളില്ലാതിരുന്ന ഒരു മൃതദേഹം. അത് കുഴിച്ചുമൂടേണ്ടി വന്ന ഓർമ എന്നെ വിട്ട് പോകുന്നില്ല. ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു യുവതിയുടെ മുഖം ആസിഡൊഴിച്ച് കരിച്ച് ഡീസലൊഴിച്ച് എനിക്ക് കത്തിക്കേണ്ടി വന്നിട്ടുണ്ട്. എന്‍റെ കുടുംബത്തിലെ ഒരു കുട്ടിക്ക് തന്നെ ധർമസ്ഥലയിലെ ഉന്നതരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടപ്പോഴാണ് ഞാനും എന്‍റെ കുടുംബവും ഇവിടെ നിന്ന് രക്ഷപ്പെട്ടത്. ഇപ്പോൾ കുറ്റബോധം കൊണ്ടാണ് തിരിച്ച് വന്നത്. എനിക്ക് സംരക്ഷണം വേണം. ആ മൃതദേഹം മറവ് ചെയ്ത ഇടം മുഴുവൻ ഞാൻ കാട്ടിത്തരാം. ഇതിൽ സമഗ്രമായ അന്വേഷണം വേണം''
ധർമസ്ഥലയിലെ കല്ലേരി, സ്നാനഘട്ടം അടക്കം നേത്രാവതിപ്പുഴയുടെ കരയിലെ മൂന്ന് ഇടങ്ങളാണ് പ്രധാനമായും മുൻ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാട്ടിയത്. ഈ മൂന്ന് ഇടങ്ങളും സുരക്ഷിതമാക്കാനോ അടച്ച് കെട്ടാനോ യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചിട്ടില്ല.


