19കാരനായ ബിരുദ വിദ്യാർത്ഥി അക്ഷയ് ആണ് ഷോക്കേറ്റ് മരിച്ചത്.
തിരുവനന്തപുരം: നെടുമങ്ങാട് പനയമുട്ടത്ത് റോഡിലേക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി 19കാരന് ജീവൻ നഷ്ടമായ സംഭവത്തെക്കുറിച്ച് വിശദീകരിച്ച് അപകട സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത് അമൽ. രാത്രി 12 മണിയോടെ കാറ്ററിംഗിന് പോയി തിരികെ വന്നപ്പോഴാണ് അപകടമുണ്ടായത്. റോഡിന് കുറുകെ കിടന്ന മരക്കൊമ്പിലിടിച്ചാണ ബൈക്ക് വീണതെന്നും അക്ഷയുടെ ദേഹത്തേക്ക് ലൈൻ വീണെന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തങ്ങൾക്കും ഷോക്കേറ്റെന്നും അമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 19കാരനായ ബിരുദ വിദ്യാർത്ഥി അക്ഷയ് ആണ് ഷോക്കേറ്റ് മരിച്ചത്.
‘പന്ത്രണ്ടേകാലോടെയാണ് ഇവിടെയെത്തിയത്. മഴ തോർന്നുനിൽക്കുന്ന സമയമായിരുന്നു. അടുത്തെത്തിയപ്പോഴാണ് മരവും പോസ്റ്റും വീണുകിടക്കുന്നത് കണ്ടത്. കുറച്ച് ദൂരെ നിന്നേ കണ്ടെങ്കിൽ നിർത്താമായിരുന്നു. അത് സാധിച്ചില്ല. അതിലിടിച്ച് ബൈക്ക് മറിഞ്ഞ് ഞങ്ങൾ വീണു. ബാക്കിലിരുന്ന ഞങ്ങൾ രണ്ടും തെറിച്ചുവീണു. എഴുന്നേറ്റ് ചെന്ന് അവനെ പിടിച്ചതും ഞങ്ങൾക്ക് ഷോക്കടിച്ചു. ഹെൽമെറ്റ് കൊണ്ട് കമ്പിമാറ്റി അവനെ വലിച്ചു നീക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. അപ്പോഴും ഷോക്കുണ്ടായിരുന്നു. ഞങ്ങൾ ആൾക്കാരെ വിളിച്ചുകൂട്ടി, ഡ്രസ് ഊരി കാലിൽക്കൂടി പിടിച്ചാണ് അവനെ നീക്കിയെടുത്തത്. അടുത്തുള്ള ചേട്ടന്റെ കാറിലാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേയ്ക്കും രക്ഷിക്കാൻ സാധിച്ചില്ല. റോഡിന്റെ നടുവിൽ വീണുകിടക്കുന്ന രീതിയിലായിരുന്നു പോസ്റ്റും മരവും.’ അപകടത്തിന്റെ ഞെട്ടൽ ഇപ്പോഴും അമലിന് വിട്ടുമാറിയിട്ടില്ല.


