ജമ്മുകശ്മീർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതൃപ്തി വ്യക്തമാക്കി നാഷണൽ കോൺഫറൻസ്.ഗുപ്കർ സഖ്യത്തിലെ ചിലർ തങ്ങളെ ലക്ഷ്യം വെക്കുന്നുവെന്ന് നാഷണൽ കോൺഫറസ് 

ശ്രീനഗര്‍:ജമ്മുകശ്മീർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതൃപ്തി വ്യക്തമാക്കി നാഷണൽ കോൺഫറൻസ് രംഗത്ത്.ഗുപ്കർ സഖ്യത്തിലെ ചിലർ തങ്ങളെ ലക്ഷ്യം വെക്കുന്നുവെന്ന് നാഷണൽ കോൺഫറസ് കുറ്റപ്പെടുത്തി.നിയമസഭാ തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് ഒറ്റയ്ക്ക് മത്സരിക്കാൻ സാധ്യതയെന്നാണ് വിലയിരുത്തല്‍.പിഡിപി, നാഷണൽ കോൺഫറൻസ്, സി പി എം, സിപിഐ, അവാമി കോൺഫറൻസ് ഉൾപ്പെടെയുള്ള പാർട്ടികൾ ചേർന്ന് രൂപീകരിച്ചതാണ് ഗുപ്കർ സഖ്യം.

 ഈ വര്‍ഷം അവസാനം ജമ്മുകശ്മീരിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനായിരുന്നു സാധ്യത . എന്നാല്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീട്ടിയതോടെ ചിത്രം ആകെ മാറിയിരിക്കുകയാണ്. നേരത്തെ ഒക്ടോബർ 31 ആയിരുന്നു അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കേണ്ട അവസാന തീയ്യതി ആയി പ്രഖ്യാപിച്ചത്. എന്നാല്‍ അത് നവംബർ 25 ലേക്ക് കമ്മീഷന്‍ നീട്ടി. അങ്ങനെയാണെങ്കില്‍ ഈ വര്‍ഷം തന്നെ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത വളരെ കുറവായിരിക്കും. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനായിരിക്കും സാധ്യത കൂടുതല്‍. 

ഗുജറാത്തിനൊപ്പം ജമ്മുകശ്മീരിലും തെരഞ്ഞെടുപ്പ് നടത്താൻ ബിജെപി നേതൃത്വം ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന വിലയിരുത്തലുകളും നിലവിലെ സാഹചര്യത്തില്‍ വരുന്നുണ്ട്. മണ്ഡല പുനർ നിർണയത്തിന് പിന്നാലെ വലിയ ആത്മവിശ്വാസം ബിജെപിക്ക് കൈവന്നിരുന്നു. നിയമസഭ സീറ്റുകള്‍ 83 ല്‍ നിന്ന് 90 ആയി ഉയര്‍ത്തിയാണ് മണ്ഡല പുനര്‍നിര്‍ണയ സമിതി സർക്കാരിന് റിപ്പോർട്ട് നല്‍കിയത്. 37 നിയമസഭ സീറ്റുകളുള്ള ജമ്മുവില്‍ പുനർനിർണയത്തോടെ സീറ്റുകള്‍ നാല്‍പ്പത്തിമൂന്നായി ഉയര്‍ന്നു. കശ്മീരില്‍ ഒരു സീറ്റ് മാത്രമാണ് കൂടിയത്. നാല്‍പ്പത്തിയാറില്‍ നിന്ന് നാല്‍പ്പത്തിയേഴായി. 9 സീറ്റുകള്‍ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കും ഏഴ് സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കും വേണ്ടി സംവരണം ചെയ്തുമാണ് സമിതി നിര്‍ദേശം നല്‍കിയത്. ഇത് അടുത്ത തെരഞ്ഞെടുപ്പില്‍ ബിജപിക്ക് ഗുണകരമാകും വിധമാണെന്നാണ് പ്രതിപക്ഷ ആരോപണം.

ഒമ്പത് നിയമസഭ തെരഞ്ഞെടുപ്പുകളാണ് അടുത്ത വര്‍ഷം നടക്കാന്‍ പോകുന്നത്. ത്രിപുര, മേഘാലയ, നാഗലാന്‍റ്, കർണാടക സംസ്ഥാനങ്ങളിലെ തെരഞ്ഞെുടപ്പ് ആടുത്ത വര്‍ഷം ആദ്യം നടക്കും. ഛത്തീസ്ഗഡ് , മധ്യപ്രദേശ്, മിസോറം, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലെ തെര‍ഞ്ഞെടുപ്പ് വർഷാവസാനവും നടക്കും. ഇതില്‍ ഏത് ഘട്ടത്തിലാണ് ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പെന്നതാണ് കണ്ടറിയേണ്ടത്. 2018 നവംബറില്‍ നിയമസഭ പിരിച്ച് വിട്ടതിന് ശേഷം ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ സർക്കാർ നടപടി വിലയിരുത്തുന്നത് കൂടിയാകും ഈ തെരഞ്ഞെടുപ്പ് എന്നതിനാല്‍ ഫലം ബിജെപിക്കും പ്രതിപക്ഷത്തിനും ഒരു പോലെ നിര്‍ണായകമാണ്.