മൈസൂരു: ചികിത്സക്കായെത്തിയ ഭിന്നശേഷിക്കാരായ മലയാളി കുട്ടികളും രക്ഷിതാക്കളും ലോക്ക്ഡൗണ്‍ നീട്ടിയതോടെ മൈസൂരുവില്‍ കുടുങ്ങി. ആശുപത്രി അടച്ചതോടെയാണ് ഇവര്‍ ബുദ്ധിമുട്ടിലായത്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍പോലും പുറത്തുപോകാന്‍ കഴിയാതെ ദുരിതത്തിലാണ് അമ്മമാര്‍.

കൊവിഡ് തീവ്രബാധിത മേഖലയായ മൈസൂരു നഗരത്തിലെ ഹോട്ടല്‍ മുറികളിലും അപാര്‍ട്‌മെന്റുകളിലുമൊക്കെയായി കേരളത്തില്‍ നിന്നെത്തിയ അന്‍പതോളം ഭിന്നശേഷിക്കാരായ കുട്ടികളുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുളള സ്പീച്ച് ആന്റ് ഹിയറിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടര്‍ ചികിത്സക്കെത്തിയവര്‍. 

മിക്കവര്‍ക്കുമൊപ്പം അമ്മ മാത്രമേയുളളൂ. ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചു. ചികിത്സ മുടങ്ങി. പ്രത്യേക പരിചരണം ആവശ്യമുളള കുഞ്ഞുങ്ങള്‍ക്കൊപ്പം ഒറ്റമുറിയില്‍ തങ്ങേണ്ട ദുരവസ്ഥയായി അമ്മമാര്‍ക്ക്. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോകാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. പ്രത്യേക പരിഗണന നല്‍കി നാട്ടിലെത്തിക്കാന്‍ ഇവര്‍ സര്‍ക്കാര്‍ സഹായം തേടുന്നു.

മലയാളി സംഘടനകളാണ് ഇപ്പോള്‍ ഭക്ഷണമെത്തിക്കുന്നത്. മൈസൂരുവും തൊട്ടടുത്ത നഞ്ചന്‍കോഡും കൊവിഡ് കേസുകള്‍ അതിവേഗം കൂടുന്നുണ്ട്. നിയന്ത്രണങ്ങള്‍ ഇവിടെ ഇനിയും കടുപ്പിച്ചാല്‍ എന്ത് ചെയ്യുമെന്ന ആശങ്കയുണ്ട് രക്ഷിതാക്കള്‍ക്ക്. സുരക്ഷിതമായ ഇടത്തേക്ക് കുട്ടികളെ എത്തിക്കാന്‍ ഇടപെടലുണ്ടാകണമെന്ന് മാത്രം ഇവര്‍ ആവശ്യപ്പെടുന്നു.