ഭുവനേശ്വര്‍: മാവോവാദികളുടെ കോട്ടയില്‍ ഇന്ത്യന്‍ പതാകയുയര്‍ത്തിയ പൊലീസ് ഓഫിസര്‍ക്ക് കൈയടിച്ച് സോഷ്യല്‍മീഡിയ. സ്വാതന്ത്ര്യദിനത്തില്‍ ഒഡീഷയിലെ മാവോയിസ്റ്റ് ശക്തി കേന്ദ്രവും മാവോ നേതാവ് ആര്‍ കെയുടെ പ്രവര്‍ത്തന മേഖലയുമായ മാല്‍ക്കന്‍ഗിരിയിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ത്രിവര്‍ണ പതാകയുയന്നത്. ഡിഐജി ഹിമാന്‍ഷു കുമാര്‍ ലാലാണ് മാവോയിസ്റ്റ് ഭീഷണിയെ വെല്ലുവിളിച്ച് ഇന്ത്യന്‍ പതാക ഉയര്‍ത്തി. ഒഡിഷ സിംഗമെന്നാണ് ഹിമാന്‍ഷുവിനെ മാധ്യമങ്ങള്‍ വാഴ്ത്തുന്നത്. 

സ്വാതന്ത്യം നേടിയതിന് ശേഷം ആദ്യമായാണ് മാല്‍ക്കന്‍ഗിരിയില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആറ് ദശകമായി പ്രദേശത്തെ 150 ഗ്രാമങ്ങള്‍ മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലാണ്. നാല് മാസം മുമ്പാണ് ഹിമാന്‍ഷു സൗത്ത് വെസ്റ്റേണ്‍ റേഞ്ച് ഡിഐജിയായി ചുമതലയേല്‍ക്കുന്നത്. അദ്ദേഹം വന്നതിന് ശേഷം മേഖലയില്‍ കാര്യമായ മാറ്റമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു.

മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് ഇതുവരെ ഇവിടെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയിരുന്നില്ല. രാജ്യത്തിന്‍റെ പതാക ഉയര്‍ന്നതില്‍ സന്തോഷം. മാവോയിസ്റ്റ് ഭീഷണി ഈ പൊലീസ് ഓഫിസര്‍ ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ജനജീവിതം മെച്ചപ്പെടുത്താന്‍ സാധ്യമായത് മാത്രമേ ചെയ്യുന്നതള്ളൂവെന്നും എല്ലാ ദിവസവും വെല്ലുവിളി നിറഞ്ഞതാണെന്നും 45കാരനായ ഹിമാന്‍ഷു കുമാര്‍ ലാല്‍ പറഞ്ഞു. സാധാരണക്കാരുടെ മുഖത്ത് പുഞ്ചിരി തെളിയുമ്പോള്‍ കിട്ടുന്ന സംതൃപ്തിയും ഊര്‍ജവുമാണ് തന്നെ നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2003 ഒഡിഷ കാഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഹിമാന്‍ഷു. എംബിഎ ബിരുദ ധാരിയും ഷാര്‍പ് ഷൂട്ടറുമാണ്. വന്‍കിട കോര്‍പറേറ്റ് കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് ഐപിഎസ് തെരഞ്ഞെടുത്തത്. 2005 മുതല്‍ 2006വരെ മാല്‍ക്കന്‍ഗിരിയിലെ എസ്പിയായിരുന്നു. നക്സല്‍ വിരുദ്ധ പോരാട്ടത്തിന് പൊലീസ് മെഡല്‍ നേടിയിട്ടുണ്ട്.