ഒരു മാസം നീണ്ട ഡിജിറ്റൽ അറസ്റ്റിൽ  ബെംഗളുരു ടെക്കിക്ക് നഷ്ടമായത് 11.8 കോടി രൂപ

ബെം​ഗളൂരു: ഒരു മാസം നീണ്ട ഡിജിറ്റൽ അറസ്റ്റിൽ ബെംഗളുരു ടെക്കിക്ക് നഷ്ടമായത് 11.8 കോടി രൂപ. ബെംഗളുരു സ്വദേശിയായ കെ എസ് വിജയകുമാറിനാണ് സൈബർ തട്ടിപ്പിലൂടെ വൻതുക നഷ്ടമായത്. നവംബർ 11 മുതൽ ഡിസംബർ 12 വരെ ഡിജിറ്റൽ അറസ്റ്റിലെന്ന് പറഞ്ഞ് ടെക്കിയെ സൈബർ കുറ്റവാളികൾ ഭീഷണിപ്പെടുത്തി. പല തവണകളായി സൈബർ കുറ്റവാളികൾ ഇയാളിൽ നിന്ന് തട്ടിയത് 11.8 കോടി രൂപയെന്നാണ് പരാതി. പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് ബെംഗളുരു സിറ്റി കമ്മീഷണർ ബി ദയാനന്ദ അറിയിച്ചു. 

ട്രായിൽ നിന്ന് വിളിക്കുന്നെന്ന് പരിചയപ്പെടുത്തിയാണ് സൈബർ കുറ്റവാളികൾ ഇയാളെ വിളിച്ചത്. കള്ളപ്പണം വെളുപ്പിക്കാൻ തുടങ്ങിയ അക്കൗണ്ടിന് ഇയാളുടെ ആധാർ ഉപയോഗിച്ചെന്ന് കണ്ടെത്തിയെന്ന് പറഞ്ഞായിരുന്നു ഫോൺകോൾ. നരേഷ് ഗോയലിന്‍റെ പേരിൽ ആറ് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്ന് കേസുണ്ടെന്നും പറഞ്ഞു.

സ്കൈപ്പിൽ ഒരു മാസത്തോളം വിജയകുമാറിനെ ഡിജിറ്റൽ അറസ്റ്റിലെന്ന് പറഞ്ഞ് നിർത്തി. സുപ്രീംകോടതിയിൽ കേസ് ഹിയറിംഗ് നടക്കുമെന്നും കുടുംബത്തെ വിവരമറിയിച്ചാൽ അവരും അപകടത്തിലാകുമെന്നും ഭീഷണിപ്പെടുത്തി. പല അക്കൗണ്ടുകളിലേക്കായി വിജയകുമാറിൽ നിന്ന് തട്ടിപ്പ് സംഘം വാങ്ങിയെടുത്തത് 11,83,55,648 രൂപ. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates