Asianet News MalayalamAsianet News Malayalam

ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് 2021: ഒടിടി പ്ലാറ്റ്‍ഫോമുകള്‍ക്കും ഡിജിറ്റൽ മാധ്യമങ്ങൾക്കും പൂട്ട്

ഉള്ളടക്കത്തിനെതിരെ എന്തെങ്കിലും തരത്തിൽ പൊലീസ് കേസോ മറ്റു നിയമനടപടികളോ ഉണ്ടായാൽ ഉത്തരവാദിത്തപ്പെട്ട അന്വേഷണസംഘത്തിന് 72 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട ഡിജിറ്റൽ കമ്പനി വിവരങ്ങൾ കൈമാറണം. വ്യാജ വാർത്തകൾ പ്രചരിച്ചാൽ അതിൻ്റെ ഉറവിടം വെളിപ്പെടുത്തണം. 

digital media ethics code 2021
Author
Delhi, First Published Feb 25, 2021, 3:03 PM IST

ദില്ലി: രാജ്യത്ത് സംപ്രേക്ഷണം ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാത്തരം ഓണ്‍ലൈൻ മാധ്യമങ്ങൾക്കും നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നവമാധ്യമങ്ങളുടെ നിയന്ത്രണത്തിനായി ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ‍് 2021 എന്ന പേരിൽ നിലവിലെ നിയമങ്ങൾ പരിഷ്കരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്, വാര്‍ത്ത വിനിമയകാര്യ മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. 

ഓണ്‍ലൈൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ, ന്യൂസ് സൈറ്റുകൾ, വിവിധ സമൂഹമാധ്യമങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളും പുതിയ നിയമങ്ങൾക്ക് കീഴിൽ വരും. ഡിജിറ്റൽ എത്തിക്സ് കോഡിലൂടെ രാജ്യത്തെ എല്ലാ സോഷ്യൽ മീഡിയ -  ഒടിടി പ്ലാറ്റുഫോമുകൾക്കും പ്രവർത്തനത്തിനായി കൃത്യമായ ചട്ടം വരുമെന്ന് കേന്ദ്രമന്ത്രിമാർ വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, ട്വിറ്റര്‍ എന്നീ സോഷ്യൽ മീഡിയ മെസേജിംഗ് ആപ്പുകൾക്കും യൂട്യൂബ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ വീഡിയോ പ്ലാറ്റ് ഫോമുകൾക്കും എല്ലാത്തരം ഓണ്‍ലൈൻ ന്യൂസ് ചാനലുകൾക്കും എൻ്റര്‍ടെയ്ൻമെൻ്റ പോര്‍ട്ടലുകൾക്കും പുതിയ നിയമം ബാധകമായിരിക്കും. ചെങ്കോട്ട സംഘര്‍ഷത്തെ ചൊല്ലി ട്വിറ്ററുമായി ഏറ്റുമുട്ടിയ കേന്ദ്രസര്‍ക്കാര്‍ അതിനു പിന്നാലെയാണ് ഡിജറ്റൽ മാധ്യമങ്ങളെ പിടിച്ചു കെട്ടാനുളള നിയമവുമായി വരുന്നത്. 

പുതിയ നിയമത്തെക്കുറിച്ച് കേന്ദ്രമന്ത്രിമാര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞത് - 

സമൂഹ മാധ്യമങ്ങൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വിമർശിക്കാനും യോജിക്കാനുള്ള സ്വാതന്ത്രം രാജ്യത്തുണ്ട്. മാധ്യമങ്ങൾ രാജ്യത്തെ ജനങ്ങളെ ശക്തിപ്പെടുത്തുന്നു എന്ന കാര്യവും അംഗീകരിക്കുന്നു. പക്ഷേ സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമപരിഷ്കാരം കൊണ്ടു വരുന്നത്. 

സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിക്കുന്ന സാഹചര്യമുണ്ട്. അത് തടയേണ്ടതാണ്. സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണവും വലിയ ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ രാജ്യത്തെ നിയമങ്ങൾക്കനുസരിച്ച് വേണം പ്രവർത്തിക്കാൻ. ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികൾ കൃത്യമായി പരിഹരിക്കാൻ ഇവിടൊരു സംവിധാനം ആവശ്യമാണ്. OTT പ്ലാറ്റ്ഫോമുകൾക്ക് പുതിയ മാർഗനിർദേശം സർക്കാർ ഇതിലൂടെ നൽകുകയാണ്.

പുതിയ നിയമത്തിൻ്റെ ഭാഗമായി എല്ലാ ഒടിടി - സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളും അതിലെ ഉള്ളടക്കത്തിനെതിരെ പൊതുജനങ്ങളിൽ നിന്നും വരുന്ന പരാതികൾ സ്വീകരിക്കാനും നടപടി എടുക്കാനും കൃത്യമായ സംവിധാനമുണ്ടാക്കണം. പരാതി പരിഹാര സെല്ലിൽ ഒരു ഉദ്യോഗസ്ഥൻ മുഴുവൻ സമയവും പ്രവര്‍ത്തിക്കണം. 15 ദിവസത്തിനകം പൊതുജനങ്ങളുടെ പരാതികൾ തീര്‍പ്പാക്കി അവരെ വിവരമറിയിക്കണം.  

നിയമവിരുദ്ധമായ എല്ലാ ഉള്ളടക്കവും സമയബന്ധിതമായി അതത് പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്യണം. തങ്ങളുടെ പ്ലാറ്റ്ഫോമിൻ്റെ പ്രവര്‍ത്തനവും ഉള്ളടക്കവും സംബന്ധിച്ചുയരുന്ന പരാതികൾ പരിഹരിക്കാൻ ഒരു മുഖ്യ ഉദ്യോഗസ്ഥനെ എല്ലാ ഡിജിറ്റൽ മീഡിയ പ്ലാറ്റുഫോമുകളും നിയമിക്കണം.

പ്രചരിക്കുന്ന സന്ദേശങ്ങളുടെയോ ട്വീറ്റിന്റേയോ യഥാർത്ഥ നിർമ്മാതാവിനെ കണ്ടെത്താൻ സംവിധാനം വേണം. ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ ത്രിതല സംവിധാനമാണ് ഉദ്ദേശിക്കുന്നത്. ഉള്ളടക്കത്തിനെതിരെ എന്തെങ്കിലും തരത്തിൽ പൊലീസ് കേസോ മറ്റു നിയമനടപടികളോ ഉണ്ടായാൽ ഉത്തരവാദിത്തപ്പെട്ട അന്വേഷണസംഘത്തിന് 72 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട ഡിജിറ്റൽ കമ്പനി വിവരങ്ങൾ കൈമാറണം. വ്യാജ വാർത്തകൾ പ്രചരിച്ചാൽ അതിൻ്റെ ഉറവിടം വെളിപ്പെടുത്തണം. ലൈംഗീകപരമായ ദൃശ്യങ്ങളുടെ പരാതിയിൽ 24 മണിക്കൂറിനുള്ളിൽ ഉള്ളിൽ നടപടിയുണ്ടാകണം. ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സ്വയംനിയന്ത്രിത സംവിധാനം വേണം എന്നതാണ് ഏറ്റവും പ്രധാനം. 

നിലവിലുള്ള ഐടി ആക്ടിനെ പരിഷ്കരിച്ചാണ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ് ഉണ്ടാക്കുന്നത് അല്ലാതെ മാധ്യമങ്ങളെ നിയന്ത്രിക്കാൻ പുതിയൊരു നിയമം കൊണ്ടു വരികയല്ല സര്‍ക്കാര്‍ ചെയ്യുന്നത്. ഐടി ആക്ടിൻ്റെ ഭാഗമായി നിലവിൽ ടെലിവിഷൻ ചാനലുകളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ സംവിധാനമുണ്ട്. അതേ മാതൃകയിൽ ഡിജിറ്റൽ മാധ്യമങ്ങൾക്കും നിയന്ത്രണം കൊണ്ടു വരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 

വിരമിച്ച ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെയോ പ്രമുഖ വ്യക്തികളുടേയോ നേതൃത്വത്തിലാകണം നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്തേണ്ടത്. ഓണ്‍ലൈൻ വീഡിയോ സ്ട്രീമിഗം ആപ്പുകളുടെ കാര്യത്തിൽ പ്രായഭേദമനുസരിച്ച് ഉള്ളടക്കങ്ങൾ നിയന്ത്രിക്കണം. 13 വയസ്സിന് മുകളിൽ, 16 വയസ്സിന് മുകളിൽ, പ്രായപൂര്‍ത്തിയാവുന്നവര്‍ക്ക് കാണാവുന്നത് എന്നിങ്ങനെ വേണം സെൻസറിംഗ് നടപ്പാക്കാൻ. അഡൽട്ട് കണ്ടൻ്റുകൾ കുട്ടികൾക്ക് കാണാൻ ആകാത്ത രീതിയിൽ രക്ഷകർത്താക്കൾക്ക് ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനം ഏർപ്പെടുത്തണം.

വാർത്ത പോർട്ടലുകളുടെ നടത്തിപ്പ് ആരാണെന്ന കാര്യം കൃത്യമായി സർക്കാരിനെ അറിയിക്കണം. സമൂഹ മാധ്യമങ്ങൾക്കുള്ള നിയമങ്ങൾ മൂന്നു മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. എല്ലാ ഡിജിറ്റൽ മാധ്യമങ്ങൾക്കും രാജ്യത്ത് പ്രവർത്തിക്കാം പക്ഷേ ഇരട്ടത്താപ്പ് പാടില്ല.ക്യാപ്റ്റോൾ ഹിൽസിൽ അക്രമം ഉണ്ടാകുമ്പോൾ സമൂഹമാധ്യമങ്ങൾ പോലീസ് നടപടിയെ പിന്തുണയ്ക്കുന്നു. ചെങ്കോട്ടയിൽ  അക്രമം ഉണ്ടാകുമ്പോൾ ഇരട്ടത്താപ്പ് കാണിക്കുന്നു.

Follow Us:
Download App:
  • android
  • ios