Asianet News MalayalamAsianet News Malayalam

'വ്യക്തിപരമായ കാരണങ്ങള്‍ മാത്രം', ആരും പാര്‍ട്ടി വിട്ടത് ആശയപരമായ എതിരഭിപ്രായം കൊണ്ടല്ലെന്ന് ദിഗ് വിജയ് സിംഗ്

ആസാദ് ആർഎസ്എസിനെയോ ബിജെപിയെയോ വിമർശിച്ചിട്ടില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. 

Digvijaya Singh about those who left the congress party
Author
First Published Aug 30, 2022, 4:16 PM IST

ദില്ലി: ആശയപരമായ എതിരഭിപ്രായം കൊണ്ടല്ല ആരും പാര്‍ട്ടി വിട്ടതെന്നും പാര്‍ട്ടി വിട്ടവരുടേത് വ്യക്തിപരമായ കാരണങ്ങളെന്നും ദിഗ് വിജയ് സിംഗ്. ആസാദ് ആർഎസ്എസിനെയോ ബിജെപിയെയോ വിമർശിച്ചിട്ടില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. എന്നാല്‍ പാർട്ടി വിടാനുള്ള തീരുമാനം ഒറ്റദിവസം കൊണ്ട് എടുത്തതല്ലെന്ന് ഗുലാം നബി ആസാദ് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. പ്രശ്നപരിഹാരത്തിന് ഏറെ നാൾ കാത്തിരുന്നു. നേതൃത്വത്തിന് ഇതിന് സമയമില്ലായിരുന്നു. പത്തു കൊല്ലം കാത്തിരുന്നുവെന്നുമായിരുന്നു ഇന്നലെ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം മത്സരിക്കില്ല. രാഹുലും സോണിയയും പ്രിയങ്കയും അധ്യക്ഷപദത്തിലേക്ക് നോമിനേഷൻ നൽകില്ല. രാഹുൽ മത്സരിക്കാൻ ഇല്ലെന്ന് അറിയിച്ചതായി എഐസിസി വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം ആര് മത്സരിക്കുന്നതിനെയും ഗാന്ധി കുടുംബം എതിർക്കില്ലെന്നും എഐസിസി വൃത്തങ്ങൾ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടംബത്തില്‍ നിന്ന് ആരുമുണ്ടാകില്ലെങ്കില്‍ ജി 23 സ്ഥാനാര്‍ത്ഥിയായി തരൂരോ മനീഷ് തിവാരിയോ മത്സരിക്കാനാണ് സാധ്യത. തരൂര്‍ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദിന്‍റെ പ്രതികരണം.

'ജനാധിപത്യ പാര്‍ട്ടിയിൽ മത്സരം നല്ലത്'; അധ്യക്ഷനാവാൻ മത്സരിക്കുമെന്ന സൂചനയുമായി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂര്‍ മത്സരിക്കാൻ സാധ്യത. തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിൽ നിന്നും ആരും മത്സരിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുറത്ത് നിന്നുള്ള ഒരാൾക്ക് സാധ്യത തെളിയുന്നത്. കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട ശശി തരൂര്‍ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും എന്നുള്ള വാര്‍ത്തകൾ തള്ളിയില്ല. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരിക്കില്ലെന്ന് അവർ തന്നെ വ്യക്തമാക്കി കഴിഞ്ഞതാണെന്നും സോണിയ ഗാന്ധിയുടെ ചുമലിൽ വലിയ ബാധ്യത കൊടുക്കുന്നത് ശരിയല്ലെന്നും തരൂര്‍ പറഞ്ഞു. ഒരു ജനാധിപത്യ പാർട്ടിയിൽ തെരഞ്ഞെടുപ്പ് നല്ലതാണെന്നും തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നും പറഞ്ഞ തരൂര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടന്നാൽ അതു പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും പുറത്തു നിന്നൊരാൾ വരട്ടേയെന്നും കൂട്ടിച്ചേര്‍ത്തു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് മൂന്നാഴ്ച കഴിഞ്ഞു കാണാം എന്നായിരുന്നു തരൂരിൻ്റെ മറുപടി. ഗാന്ധി കുടുംബത്തിൻ്റെ ആശീര്‍വാദത്തോടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios