Asianet News MalayalamAsianet News Malayalam

'കാലുകാണിക്കാൻ താത്പര്യമുണ്ടെങ്കിൽ സാരി മാറ്റി ബർമുഡയിടൂ'; മമതാ ബാനർജിയെ ഉപദേശിച്ച് ബംഗാൾ ബിജെപി അധ്യക്ഷൻ

''ഈ ലൈംഗിക ദാരിദ്ര്യമുള്ള ആഭാസന്മാരാണോ ബംഗാളിലെ ഭരണം പിടിച്ചെടുക്കാൻ എന്ന് ദിവാസ്വപ്നം കണ്ടുകൊണ്ട് നടക്കുന്നത് ?" എന്നായിരുന്നു മൊയ്ത്രയുടെ പ്രതികരണം

dilip ghosh advices mamata banerjee to wear barmuda not saree if want to show legs
Author
Kolkata, First Published Mar 24, 2021, 5:33 PM IST
  • Facebook
  • Twitter
  • Whatsapp

പുരുലിയ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ലക്ഷ്യമിട്ട് അശ്‌ളീല പരാമർശങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് രംഗത്ത്. "കാലുകൾ കാണിക്കാൻ മമതയ്ക്ക് താല്പര്യമുണ്ടെങ്കിൽ, സാരിയേക്കാൾ ഇടാൻ നല്ലത് ബർമുഡയാണ് " എന്നതായിരുന്നു ഘോഷിന്റെ വിവാദാസ്പദമായ പരാമർശം. ഈ പരാമർശത്തോട് കടുത്ത ഭാഷയിൽ തന്നെ പ്രതികരിച്ച തൃണമൂൽ നേതാക്കളിൽ ഒരാൾ ഘോഷിനെ വിളിച്ചത് 'ആഭാസൻ' എന്നാണ്. 

 

പുരുലിയയിൽ കഴിഞ്ഞ ദിവസം നടന്ന റാലിയിലാണ് ദിലീപ് ഘോഷ് ഇങ്ങനെ ഒരു പരാമർശം നടത്തിയത്. "കാലൊടിയുന്നതും ഡോക്ടറെ കാണിക്കുന്നതും പ്ലാസ്റ്റർ ഇടുന്നതും ഒക്കെ ഞങ്ങൾ മുമ്പും കണ്ടിട്ടുണ്ട്. സാധാരണ പ്ലാസ്റ്റർ ഇട്ടാൽ ഒന്നോ രണ്ടോ മാസം കഴിയുമ്പോഴാണ് അത് വെട്ടുക. രണ്ടു ദിവസത്തിനുള്ളിൽ പ്ലാസ്റ്റർ വെട്ടുന്ന ഡോക്ടറെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. അവരുടെ പ്ലാസ്റ്റർ വെട്ടി ബാൻഡേജ് ഇട്ടിരിക്കുകയാണ്. ഇപ്പോൾ, നാട്ടിലുള്ള സകലരെയും കാലും കാണിച്ചുകൊണ്ട് നടക്കുകയാണ് അവർ. ഇങ്ങനെ സാരിയുടുക്കുന്ന മറ്റാരെയും ഞാൻ കണ്ടിട്ടില്ല. കാല് കാണിച്ചുകൊണ്ട് നടക്കാൻ ഇത്ര ആഗ്രഹമുണ്ടെങ്കിൽ ഇടാൻ പറ്റിയത് സാരിയല്ല, ബർമുഡയാണ്. അതിട്ടാലേ എല്ലാവർക്കും നല്ലപോലെ കാണാൻ പറ്റൂ..." എന്നായിരുന്നു ഘോഷ് പറഞ്ഞത്. 

തൃണമൂൽ കോൺഗ്രസിന്റെ നേതാക്കൾ, വിശിഷ്യാ വനിതാ നേതാക്കൾ കടുത്ത ഭാഷയിൽ തന്നെ ഈ പരാമർശങ്ങളോട് പ്രതികരിക്കുകയുണ്ടായി.  തീപ്പൊരി നേതാവ് മഹുവാ മൊയ്ത്രയുടെ വാക്കുകൾ കുറിക്കു കൊള്ളുന്നവയായിരുന്നു. " ബംഗാളിലെ ബിജെപി ഘടകത്തിന്റെ പ്രസിഡന്റ് ചോദിക്കുകയാണ്, മമതാ ദീദി എന്തിനാണ് സാരി ഉടുക്കുന്നത്, കാലുകൾ വേണ്ടപോലെ കാണാൻ നല്ലത് ബർമുഡ ആണല്ലോ എന്ന്. ''ഈ ലൈംഗിക ദാരിദ്ര്യമുള്ള ആഭാസന്മാരാണോ ബംഗാളിലെ ഭരണം പിടിച്ചെടുക്കാൻ എന്ന് ദിവാസ്വപ്നം കണ്ടുകൊണ്ട് നടക്കുന്നത് ?" എന്നായിരുന്നു മൊയ്ത്രയുടെ ട്വീറ്റ്. 

"വിഷം വമിപ്പിക്കുക എന്നത് മാത്രമായി ബിജെപി സംസ്ഥാന അധ്യക്ഷന്റെ റോൾ ചുരുങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രിക്കെതിരെയുള്ള വിദ്വേഷ പരാമർശങ്ങൾ മുതൽ, തൃണമൂൽ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾ വരെ അത് വ്യക്തമാക്കുന്നവയാണ്. ഈ പരാമർശം സകല സീമകളും ലംഘിക്കുന്ന ഒന്നാണ്." എന്ന് കാകോളി ഘോഷ് ദസ്തിദാറും പറഞ്ഞു. 

നന്ദിഗ്രാമിൽ വെച്ചാണ് കഴിഞ്ഞ മാസം മമതാ ബാനർജിക്ക് പരിക്കേറ്റത്. പ്രസ്തുത സംഭവം ഒരു അപകടമായിരുന്നു എന്ന നിഗമനത്തിലേക്ക് അന്വേഷണാനന്തരം തെരഞ്ഞെടുപ്പ് കമ്മീഷൻ എത്തിയപ്പോൾ, മുഖ്യമന്ത്രിക്ക് നേരെ നടന്ന വധശ്രമം എന്നാണ് അതിനെ തൃണമൂൽ വൃത്തങ്ങൾ വിലയിരുത്തിയത്. കാലിനു പരിക്കേറ്റ ശേഷം, കാൽ പ്ലാസ്റ്ററിൽ ഇട്ട്, വീൽ ചെയറിൽ ഇരുന്നുകൊണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ മമതാ ബാനർജി തിരികെ പ്രചാരണ രംഗത്ത് തിരിച്ചെത്തിയിരുന്നു. പരിക്കുകൾ ഏറെ വേദനയുണ്ടാക്കുന്നവ ആണെങ്കിലും, തന്നെ തടുക്കാൻ അതിനൊന്നും ആവില്ല എന്നായിരുന്നു മമതാ ബാനർജി പ്രതികരിച്ചത്. എന്നാൽ, കൈവിട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ജനപിന്തുണയെ ഇല്ലാത്ത അപകടം നടന്നു എന്ന് അഭിനയിച്ച്, ജനങ്ങളിൽ സഹതാപ തരംഗം ഉണ്ടാക്കി തിരിച്ചുപിടിക്കാനുള്ള അവസാന പരിശ്രമമാണ് മമത നടത്തുന്നത് എന്നാണ് ബിജെപി ബംഗാൾ ഘടകം ഇതേപ്പറ്റി പ്രതികരിച്ചത്. 

Follow Us:
Download App:
  • android
  • ios