കൊൽക്കത്ത: ദില്ലി പൊലീസിന് പിന്തുണയുമായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിച്ച അക്രമികള്‍ക്ക് പൊലീസുകാര്‍ ചായ നല്‍കണമായിരുന്നോ എന്ന് ഘോഷ് ചോദിച്ചു. വാര്‍ത്താസമ്മേളനത്തിൽ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പ്രതിഷേധക്കാര്‍ക്ക് ധനസഹായം കിട്ടുന്നത് എവിടെ നിന്നാണെന്ന് ഉടന്‍ പുറത്തുവരും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശന വേളയിൽ ഇന്ത്യയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്നതിനാണ് ഈ പ്രതിഷേധം ആസൂത്രണം ചെയ്തതെന്നും ദിലീപ് ഘോഷ് ആരോപിച്ചു.

"ദില്ലിയിൽ പൊലീസ് ചെയ്തത് (സമീപകാല അക്രമം) തികച്ചും ശരിയാണ്. പ്രതിഷേധക്കാരോട് പൊലീസ് കർശനമായിരിക്കണം. നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത്? കല്ലെറിയുകയും വെടിയുതിര്‍ക്കുകയും ചെയ്യുമ്പോള്‍ പൊലീസുകാര്‍ പ്രതിഷേധക്കാര്‍ക്ക് ചായ കൊടുക്കണമായിരുന്നോ?," ദിലീപ് ഘോഷ് പറഞ്ഞു.

നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്നതിന് മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രതിഷേധമാണിതെന്നും സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കുള്ള വിദേശ ധനസഹായം എവിടെ നിന്നാണെന്ന് ഉടന്‍ പുറത്തുവരുമെന്നും ദിലീപ് ഘോഷ് പറ‍ഞ്ഞു.

കുഞ്ഞുങ്ങളെ മടിയിലിരുത്തി വിദേശ ഫണ്ട് കൊണ്ട് വാങ്ങിയ ബിരിയാണി കഴിച്ച് വിദ്യാഭ്യാസമില്ലാത്ത ബുര്‍ഖ ധരിച്ച സ്ത്രീകളാണ് ഷഹീന്‍ ബാഗിലും കൊല്‍ക്കത്ത പാര്‍ക്ക് സര്‍ക്കസിലും പ്രതിഷേധിക്കുന്നതെന്ന് നേരത്തെ ദിലീപ് ഘോഷ് പറഞ്ഞിരുന്നു. ഈ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

Read Also:'പ്രതിഷേധിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത ബുര്‍ഖ ധരിച്ചവര്‍'; വീണ്ടും വിദ്വേഷ പ്രസംഗവുമായി ബിജെപി നേതാവ്