ബുധനാഴ്ച രാത്രിയാണ് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന നല്‍കി അമിത് ഷായുമായി ചര്‍ച്ച നടത്തിയത്.
ദില്ലി: ബിജെപിയിലേക്ക് (BJP) ചേക്കേറുമെന്ന അഭ്യൂഹം നിലനില്‍ക്കെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും (Amarinder singh) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും (Amit shah) നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് അമരീന്ദര്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവ്. കര്‍ഷക സമരത്തെക്കുറിച്ചാണ് (Farmers protest) ഇരുവരും പ്രധാനമായി ചര്‍ച്ച നടത്തിയതെന്ന് ഉപദേഷ്ടാവ് രവീണ്‍ തുക്രാല്‍ ട്വീറ്റ് ചെയ്തു. അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും കാര്‍ഷിക നിയമങ്ങള്‍ (Farm laws) പിന്‍വലിക്കണമെന്നും കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പ് നല്‍കണമെന്നും അമരീന്ദര്‍ സിങ് അമിത് ഷായോട് ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. പഞ്ചാബിന്റെ വിളവൈവിധ്യത്തിന് പിന്തുണ നല്‍കണമെന്നും അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടതായും ഉപദേഷ്ടാവ് അവകാശപ്പെട്ടു.
പ്രശ്‌നപരിഹാരത്തിനായി ഇരുവരും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത് സംബന്ധിച്ച് അമരീന്ദര്‍ സിങ് നേരിട്ട് വ്യക്തത നല്‍കിയിട്ടില്ല. ബുധനാഴ്ച രാത്രിയാണ് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന നല്‍കി അമിത് ഷായുമായി ചര്‍ച്ച നടത്തിയത്. അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം തീരുമാനം പ്രഖ്യാപിക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിലെ തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് അമരീന്ദര്‍ സിങ് രാജി വെച്ചത്.
