ചെന്നൈ: മുന്‍ ആർഎസ്എസ് നേതാക്കളെ നേതൃസ്ഥാനത്ത് കൊണ്ടുവന്നതിൽ രജനി മക്കൾ മൺറത്തിനുള്ളിൽ എതിർപ്പ് ശക്തമായി. ഭാരവാഹികള്‍ തന്നെ അതൃപ്തി അറിയിച്ച് രംഗത്തെത്തി. തര്‍ക്കം പരിഹരിക്കാന്‍ രജനീകാന്ത് ആരാധക കൂട്ടായ്മയുടെ യോഗം ചേര്‍ന്നു. പ്രചാരണത്തിന് രജനികാന്തിന്‍റെ ചിത്രം മാത്രം പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന് താരം നിര്‍ദേശിച്ചു.

രാഷ്ട്രീയ പ്രവേശനം കാതോര്‍ത്ത് വര്‍ഷങ്ങളായി ആരാധക സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒഴിവാക്കിയെന്നാണ് പരാതി. ആര്‍എസ്എസ് സൈദ്ധാന്തികന്‍ അര്‍ജുന മൂര്‍ത്തി, ഗുരുമൂര്‍ത്തി സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള തമിഴരുവി മണിയൻ എന്നിവരെ ഉള്‍പ്പടെയാണ് നേതൃസ്ഥാനത്ത് നിയമിച്ചത്. 

രജനീ മക്കള്‍ മണ്ഡ്രം ഭാരവാഹികളെ മറികടന്ന് ഇവര്‍ക്ക് പ്രധാന സ്ഥാനം നല്‍കിയതിലെ എതിര്‍പ്പ് ഭാരവാഹികള്‍ നേരിട്ട് രജനീകാന്തിനെ അറിയിച്ചു. ഇരുവരുടേയും രാഷ്ട്രീയ പശ്ചാത്തലം ഉള്‍പ്പടെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. രജനീ കേന്ദ്രീകൃതമായ പാര്‍ട്ടിയുടെ പ്രതിച്ഛായയെ നിയമനം ബാധിച്ചുവെന്ന് ഭാരവാഹികൾ ചൂണ്ടികാട്ടി. 

അടിയന്തര യോഗം വിളിച്ച രജനീകാന്ത് പ്രശ്നപരിഹാരത്തിന് നീക്കം തുടങ്ങി. അര്‍ജുന മൂര്‍ത്തി ഉള്‍പ്പടെയുള്ളവരെ പ്രധാന നേതാക്കളായി ഉയര്‍ത്തികാട്ടാതെ പ്രദേശിക നേതൃത്വത്തിനും രജനീകാന്തിനും മാത്രം പ്രധാന്യം നല്‍കി പ്രചാരണം നടത്താന്‍ തീരുമാനിച്ചു. പോസ്റ്ററുകളില്‍ രജനീകാന്തിന്‍റേയും പ്രദേശിക ഭാരവാഹികളുടെയും ചിത്രം മാത്രം ഉള്‍പ്പെടുത്താനും ധാരണായി. 

സഖ്യനീക്കങ്ങള്‍ക്ക് ബിജെപിയും അണ്ണാഡിഎംകെയും മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് ആരാധക സംഘടനയില്‍ തന്നെ അതൃപ്തി. മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ നിശ്ചയിച്ച രജനി ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആലോചനയിലാണ്