അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ വലിയ അട്ടിമറി നടന്നതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. അതിനാൽ ലോക്‌സഭയും നിയമസഭകളും പിരിച്ചുവിട്ട് ബാലറ്റ് പേപ്പറിലൂടെ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ലോക് സഭയും നിയമസഭകളും പിരിച്ചുവിടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. രാജ്യത്ത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വലിയ അട്ടിമറിയാണ് സംഭവിച്ചതെന്നും അതിനാൽ ലോക്‌സഭയും മുഴുവൻ സംസ്ഥാന നിയമസഭകളും അടിയന്തരമായി പിരിച്ചുവിടണമെന്നാണ് ഖാർഗെ ആവശ്യപ്പെട്ടത്. ബാലറ്റ് പേപ്പറിലൂടെ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ പൂർണ്ണമായി തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നുള്ള കൂട്ടുകെട്ട് വികസന ഏജൻസികളെയും അന്വേഷണ ഏജൻസികളെയും ദുരുപയോഗം ചെയ്തുകൊണ്ട് രാജ്യത്തെ നശിപ്പിക്കുകയാണെന്നും അതിരൂക്ഷമായി വിമർശിച്ചു. അട്ടിമറികളിലൂടെയാണ് കേന്ദ്ര സർക്കാർ അധികാരത്തിൽ തുടരുന്നതെന്നും നരേന്ദ്ര മോദി നിയമവിരുദ്ധമായ പ്രധാനമന്ത്രിയും അമിത് ഷാ നിയമവിരുദ്ധമായ ആഭ്യന്തരമന്ത്രിയുമാണെന്നും ഖർഗെ അഭിപ്രായപ്പെട്ടു.
ആഞ്ഞടിച്ച് പ്രതിപക്ഷം
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം അട്ടിമറി നടന്നോയെന്ന് ഖര്‍ഗെ വ്യക്തമാക്കുന്നില്ല. എന്നാല്‍ പ്രധാനമന്ത്രിയും, അമിത് ഷായും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമെല്ലാം തെരഞ്ഞെടുക്കപ്പെട്ടത് വോട്ട് അട്ടിമറിയിലൂടെയാണെന്നാണ് ഖര്‍ഗെ പറഞ്ഞ് വയ്ക്കുന്നത്. അതുകൊണ്ട് ലോക് സഭയും നിയമസഭകളും പിരിച്ചുവിടണം. ബാലറ്റ് പേപ്പറിലൂടെ പുതിയ തെരഞ്ഞെടുപ്പ് നടത്തണം. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം മാറ്റി ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നാവശ്യപ്പെട്ടിരുന്നു. ഇതിനിടെ വോട്ടര്‍ പട്ടികയില്‍ നിന്ന് 13 കോടി പേരെ ഒഴിവാക്കിയ നടപടിയില്‍ മുഖം രക്ഷിക്കാന്‍ അവരെ തിരികെ ചേർക്കാന്‍ ഫോം 6 ഉപയോഗിക്കാനുള്ള നീക്കവും ചോദ്യം ചെയ്യപ്പെടുകയാണ്. ഫോം 6 പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനാണ് ഉപയോഗിക്കുന്നത്. ഒഴിവാക്കിയവരെ തിരികെ ചേര്‍ക്കാന്‍ ഇതല്ല വഴിയെന്നാണ് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി ചൂണ്ടിക്കാട്ടുന്നത്. ഫോം 6 ന്‍റെ ദുരുപയോഗം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ നടത്തുന്നു. ഫോം 6 പൂരിപ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവരും, നിര്‍ദ്ദേശം നല്‍കിയവരും പ്രതികളാകും. ഒരു വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് എസ് വൈ ഖുറേഷി എക്സില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം കമ്മീഷന്‍റെ മറ്റൊരു വീഴ്ചയായി കര്‍ണ്ണാടകയിലെ ബലഗാവിയിലെയും, ബല്‍ത്തങ്ങാടിയിലെയും നടപടികള്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുകയാണ്. വോട്ടര്‍ പട്ടിക പരിഷ്ക്കരണമെന്ന പേരില്‍, പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാനുപയോഗിക്കുന്ന ഫോം 7 ല്‍ വ്യാപകമായി ഒപ്പ് ഇട്ടുവാങ്ങുന്നുവെന്ന പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഇടപെടുന്നതേയില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. അന്‍പതിനായിരം മുതല്‍ അറുപതിനായിരം വരെ പേര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് രാഹുല്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ എസ് ഐ ആറുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാനും അന്വേഷിക്കാനും മുന്‍ സുപ്രീംകോടതി ജഡ്ജിമാരുടെ സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ചു. ജസ്റ്റിസ് മദന്‍ ലോക്കൂര്‍ അധ്യക്ഷനായ അഞ്ചംഗം സമിതി ഡിസംബറോടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തും.
