ഒരു കോടിയിലധികം ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണങ്ങൾക്കിടെ യുപിയിൽ പുതിയ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർമാരുടെ ജാതിയോ മതമോ അടിസ്ഥാനമാക്കിയുള്ള രേഖകൾ സൂക്ഷിക്കാറില്ലെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
ലഖ്നൌ: ഒരു കോടിയിലേറെ ഹിന്ദു വോട്ടർമാരെ എസ്ഐആറിലൂടെ വെട്ടിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാതിക്കിടെ ഉത്തർ പ്രദേശിൽ വീണ്ടും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഏപ്രിൽ പത്തിന് പ്രസിദ്ധീകരിച്ച ആദ്യ പട്ടികയേക്കാൾ 18.84 ലക്ഷം പേരെ കൂടി ഉൾപ്പെടുത്തിയാണ് ഇന്ന് കരട് പട്ടിക യുപി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇറക്കിയത്. മുഖ്യമന്ത്രിയുടെ പരാതിക്ക് മറുപടിയായി, വോട്ടർമാരുടെ ജാതിയോ മതമോ അടിസ്ഥാനമാക്കിയുള്ള ഒരു രേഖയും കമ്മീഷൻ സൂക്ഷിക്കാറില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ പറഞ്ഞത്. എസ്ഐആറിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം തുടരുമ്പോഴാണ് യുപിയിൽ എസ്ഐആർ നടപടികൾ പുരോഗമിക്കുന്നത്. 7.87 ലക്ഷം പുരുഷൻമാരും 10.97 ലക്ഷം വനിതകളുമാണ് പുതിയ കരട് പട്ടികയിൽ കൂടുതലായി ഉള്ളത്. എന്നാൽ 2.58 കോടി പേർ ഇപ്പോഴും പട്ടികയ്ക്ക് പുറത്താണെന്നാണ് കണക്ക്. ഡിസംബർ 16 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള നടപടികൾ തുടരും. 2027 ജനുവരി 4 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
എസ്ഐആർ സംബന്ധിച്ച് ബിജെപി ദേശീയ തലത്തിൽ എടുത്തിരിക്കുന്ന നിലപാടിന് വിരുദ്ധമാണ് യോഗി ആദിത്യനാഥിൻ്റെ ആരോപണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന 1 കോടി 27 ലക്ഷം ഹിന്ദുക്കൾ എസ്ഐആറിന് ശേഷമുള്ള പട്ടികയിൽ ഇല്ലെന്ന് യോഗി ആദിത്യനാഥ് പറയുന്നു. ഇക്കാര്യംചൂണ്ടിക്കാട്ടി യോഗി ആദിത്യനാഥ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനം നൽകി. യുപിയിൽ വോട്ടർമാരെ ഒഴിവാക്കിയെങ്കിൽ എന്തുകൊണ്ട് ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണം എന്ന ആവശ്യത്തെ യോഗി ആദിത്യനാഥ് പിന്തുണയ്ക്കുന്നില്ല എന്നാണ് അഖിലേഷ് യാദവിന്റെ ചോദ്യം.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി
നവംബർ 17ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം മുഖ്യമന്ത്രിയുടെ പരാതി സംബന്ധിച്ച് മറുപടി നൽകാമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നവദീപ് റിൻവ വ്യക്തമാക്കിയിരുന്നു. വോട്ടറുടെ പേര്, പിതാവിന്റെയോ പങ്കാളിയുടെയോ പേര്, പ്രായം, വീട്ടുനമ്പർ, ലിംഗഭേദം തുടങ്ങിയ വിവരങ്ങൾ മാത്രമാണ് വോട്ടർ ഡാറ്റാബേസിൽ ഉള്ളതെന്ന് നവദീപ് റിൻവ പ്രതികരിച്ചു. മതവും ജാതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡാറ്റാബേസിൽ ഉൾപ്പെടുത്തിയിട്ടില്ല. വോട്ടർ പട്ടിക പൊതുരേഖകളായതിനാൽ, മാധ്യമ സ്ഥാപനങ്ങളും സ്വതന്ത്ര വിശകലന വിദഗ്ധരും പേരുകളുടെയും ലഭ്യമായ മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സ്വന്തം നിലയ്ക്ക് ഡാറ്റാ വിശകലനം നടത്താറുണ്ടെന്നും എന്നാൽ അത്തരം വിശകലനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വിവരങ്ങളായോ കണ്ടെത്തലുകളായോ കണക്കാക്കരുതെന്നും അദ്ദേഹം വിശദീകരിച്ചു.
2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉത്തർപ്രദേശിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. നിലവിൽ 13.58 കോടി വോട്ടർമാരാണ് കരടു പട്ടികയിൽ ഉള്ളതെന്ന് റിൻവ പറഞ്ഞു. ഇതിൽ 6.20 കോടി സ്ത്രീ വോട്ടർമാരാണ്. 18-19 പ്രായപരിധിയിലുള്ള 11,83,352 വോട്ടർമാരും കരട് പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. പരാതി സമർപ്പിക്കാൻ ഡിസംബർ 16 വരെ സമയമുണ്ട്. ഈ കാലയളവിൽ അർഹരായ പൗരന്മാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നീക്കം ചെയ്യുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമായി യഥാക്രമം ഫോം 6, 7, 8 എന്നിവ വഴി അപേക്ഷിക്കാവുന്നതാണെന്നും റിൻവ പറഞ്ഞു. ഡിസംബർ 28-നകം പരാതികളും ആക്ഷേപങ്ങളും തീർപ്പാക്കിയ ശേഷം 2027 ജനുവരി 4-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








