Congress : ''ഞങ്ങൾ കോൺഗ്രസ് പാർട്ടിയോടും കോൺഗ്രസ് പ്രത്യയശാസ്ത്രത്തോടും വിശ്വസ്തരാണ്, ഗാന്ധി കുടുംബത്തോടൊപ്പം എപ്പോഴും നിൽക്കും"
ദില്ലി: ഗാന്ധികുടുംബമില്ലാതെ (Gandhi Family) കോൺഗ്രസിന് (Congress) അതിജീവനം സാധ്യമല്ലെന്ന് പാർട്ടിയുടെ മുൻനിര നേതാവ് ഡികെ ശിവകുമാർ (D K Shivakumar). സംസ്ഥാന തെരഞ്ഞെടുപ്പിലെ 0/5 എന്ന നാണംകെട്ട തോൽവിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് നേതൃത്വത്തെ പ്രതിരോധിച്ച് ശിവകുമാർ രംഗത്തെത്തിയത്. ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസ് പാർട്ടിക്ക് ഒറ്റക്കെട്ടായി നിൽക്കാനാവില്ല. കോൺഗ്രസ് പാർട്ടിയുടെ ഐക്യത്തിന് അവരാണ് പ്രധാനം. ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് നിലനിൽക്കുക അസാധ്യമാണ്," അദ്ദേഹം പറഞ്ഞു.
“അധികാരത്തിന് ദാഹിക്കുന്നവർക്ക് ദയവായി പോകാം, വ്യക്തിപരമായ നേട്ടങ്ങൾ കാണുന്ന ആളുകൾ കോൺഗ്രസ് വിടുകയാണ്. ബാക്കിയുള്ളവർക്ക് അധികാരത്തിൽ താൽപ്പര്യമില്ല. ഞങ്ങൾ കോൺഗ്രസ് പാർട്ടിയോടും കോൺഗ്രസ് പ്രത്യയശാസ്ത്രത്തോടും വിശ്വസ്തരാണ്, ഗാന്ധി കുടുംബത്തോടൊപ്പം എപ്പോഴും നിൽക്കും" - ശിവകുമാർ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച പ്രഖ്യാപിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങളിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെടുകയായിരുന്നു. തങ്ങളുടെ നിയന്ത്രണത്തിലുള്ള അവസാനത്തെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ പഞ്ചാബ് ആം ആദ്മി പാർട്ടിയോട് പിടിച്ചെടുത്തു. മറ്റ് മൂന്ന് സംസ്ഥാനങ്ങളിൽ ശക്തമായ പോരാട്ടം നടത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
പ്രിയങ്ക ഗാന്ധി വാദ്രയുടെ നേതൃത്വത്തിൽ പ്രചാരണം നടത്തിയ ഉത്തർപ്രദേശിൽ കോൺഗ്രസിന് 403-ൽ 2 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 5 എണ്ണം കുറഞ്ഞു. 2.4 ശതമാനം വോട്ട് മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്. അതേസമയം തോൽവി പാർട്ടിക്കകത്തും പുറത്തും അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമായിട്ടുണ്ട്.
നേതൃത്വത്തെ പിന്തുണച്ചുകൊണ്ട് ഡികെ ശിവകുമാർ പറഞ്ഞു, "പ്രിയങ്ക ഗാന്ധി വളരെ കടുത്ത പോരാട്ടം ഏറ്റെടുക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്തു. പക്ഷേ ഞങ്ങൾക്ക് ഫലം നേടാനായില്ല... ഈ രാജ്യത്തെ വോട്ടർമാരെ ബോധ്യപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല എന്നതാണ് കാര്യം. ഈ രാജ്യത്തെ ജനങ്ങൾക്ക് അത് മനസ്സിലാകുന്നില്ല, അവരോട് അത് വിശദീകരിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു, പക്ഷേ അത് ചെയ്യുന്നതിൽ പരാജയപ്പെട്ടു - എന്നും ശിവകുമാർ വ്യക്തമാക്കി.
നേതൃമാറ്റം വേണം, ഗാന്ധികുടുംബം മാറണം, കെ സി രാജിവയ്ക്കണം; പടയ്ക്കൊരുങ്ങി ജി 23 നേതാക്കൾ
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിൽ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ കോൺഗ്രസിലെ ഗ്രൂപ്പ് 23 നേതാക്കൾ (G 23 Rebels) നിലപാട് കടിപ്പിക്കുന്നു. ദില്ലിയിൽ ഗുലാം നബി ആസാദിന്‍റെ വീട്ടിൽ യോഗം ചേർന്ന ജി 23 നേതാക്കൾ നേതൃമാറ്റം അനിവാര്യമാണെന്ന് ആവശ്യപ്പെട്ടു. മാറ്റമില്ലാതെ കോൺഗ്രസിന് മുന്നോട്ടുപോകാനാകില്ലെന്നും പ്രവർത്തക സമിതി അടിയന്തരമായി വിളിക്കണമെന്നും കപിൽ സിബൽ, ആനന്ദ് ശർമ്മ, മനീഷ് തിവാരി എന്നിവരടക്കം പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു. ഗാന്ധി കുടുംബം നേതൃത്വത്തിൽ നിന്ന് മാറണമെന്നും അശോഹ് ഗെഹ്ലോട്ടിനെയോ ഖാർഗെയെയോ നേതൃസ്ഥാനമേൽപ്പിക്കണമെന്നും ഇവർ വ്യക്തമാക്കി. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാജിവയ്ക്കണമെന്ന ആവശ്യവും ജി 23 നേതാക്കൾ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു കാലമായി ജി 23 എന്ന് സ്വയം വിശേഷിപ്പിക്കുന്ന നേതാക്കളുടെ സംഘം കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ്. കോൺഗ്രസിന്റെ നിലവിലെ സ്ഥിതിയിൽ വിഷമമുള്ള, സംഘടനെ പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘമെന്നാണ് കൂട്ടത്തിലെ നേതാക്കൾ പലയിടത്തായി സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. ജി 23 എന്നാൽ ഗാന്ധി 23 എന്നാണെന്നാണ് സംഘത്തിലെ അംഗമായ രാജ് ബബ്ബാർ മുമ്പൊരിക്കൽ പറഞ്ഞത്.
മുൻ രാജ്യസഭ എംപി ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രിമാരായിരുന്ന ആനന്ദ് ശർമ്മ, കപിൽ സിബൽ, മനീഷ് തിവാരി, ശശി തരൂർ, എംപി വിവേക് തൻഘ, എഐസിസി ഭാരവാഹികളായ മുകുൾ വാസ്നിക്, ജിതേന്ദ്ര പ്രസാദ്, മുതിർന്ന നേതാക്കളായ ഭുപീന്ദർ സിംഗ് ഹൂഡ, രാജേന്ദ്ര കൗർ ഭട്ടാൽ, എം വീരപ്പമൊയ്ലി, പൃഥ്വിരാജ് ചൗഹാൻ, പി ജെ കുര്യൻ, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബർ, അരവിന്ദ് സിംഗ് ലവ്ലി, കൗൾ സിംഗ് ഠാക്കൂർ, അഖിലേഷ് പ്രസാദ് സിംഗ്, കുൽദീപ് ശർമ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത്. എന്നിവരാണ് ജി 23 അംഗങ്ങൾ.
നേതൃമാറ്റമടക്കം മുന്‍ ആവശ്യങ്ങള്‍ ശക്തമാക്കാനാണ് വിമത വിഭാഗമായ ജി 23 ന്‍റെ തീരുമാനം. സംപൂജ്യ തോല്‍വിയുടെ കാരണങ്ങള്‍ തേടി കോൺഗ്രസ് അടിയന്തര പ്രവര്‍ത്തക സമിതി യോഗം വിളിച്ചിരുന്നു. ഗ്രൂപ്പ് 23 ഉയര്‍ത്തിയേക്കാവുന്ന പ്രതിഷേധം കണക്കിലെടുത്ത് തന്നെയാണ് ഉടന്‍ യോഗം ചേരാനുള്ള തീരുമാനം. ഒരു സമിതിയെ നിയോഗിക്കുകയും പിന്നീട് റിപ്പോര്‍ട്ട് വെളിച്ചം കാണാത്തതുമായ പതിവ് ആവര്‍ത്തിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നാണ് വിമത നേതാക്കളില്‍ ചിലര്‍ പറയുന്നത്.
