വനിതകള്‍ക്ക് മാസം ആയിരം രൂപയെന്നത് ഔദാര്യമല്ല, അവകാശമാണെന്നാണ് നേരത്തേ പദ്ധതിയെ കുറിച്ച് സ്റ്റാലിൻ വിശേഷിപ്പിച്ചിരുന്നത്. സ്റ്റാലിന്‍റെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പദ്ധതി ഔദാര്യമാണെന്ന തരത്തിലുള്ള പരാമര്‍ശം വരുമ്പോള്‍ ഡിഎംകെ തന്നെ വെട്ടിലാവുകയാണ്.

ചെന്നൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്കിരയായി തമിഴ്‍നാട്ടിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി കതിര്‍ ആനന്ദ്. ഡിഎംകെയുടെ വെല്ലൂരിലെ സ്ഥാനാര്‍ത്ഥിയാണ് കതിര്‍ ആനന്ദ്. 

തമിഴ്‍നാട്ടില്‍ എംകെ സ്റ്റാലിൻ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് 'കലൈജ്ഞര്‍ വുമൺസ് എൻടൈറ്റില്‍മെന്‍റ് സ്കീം'. വനിതകള്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം നല്‍കുന്നതാണ് ഈ പദ്ധതി. മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് വനിതകള്‍ക്ക് ഈ പണം നല്‍കിവരുന്നത്. 

ഈ പദ്ധതിയെ കുറിച്ച് സ്ത്രീകളോട് സംസാരിക്കവേ ആണ് കതിര്‍ ആനന്ദ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ആയിരം രൂപ കിട്ടിയാലുടനെ ഫെയര്‍ ആന്‍റ് ലൗലി വാങ്ങിക്കാൻ പോകുന്നവരാണോ സ്ത്രീകള്‍ എന്നായിരുന്നു കതിര്‍ ആനന്ദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ട സ്ത്രീകളോട് ചോദിച്ചത്. ഇതാണ് പിന്നീട് വിവാദമായത്.

'എല്ലാ സ്ത്രീകളുടെയും മുഖം നന്നായി തിളങ്ങുന്നുണ്ടല്ലോ, ഫെയര്‍ ആന്‍റ് ലൗലിയും പോണ്ട്സ് പൗഡറുമെല്ലാം ഇട്ടിട്ടുണ്ടെന്ന് തോന്നുന്നു. ആയിരം രൂപ കിട്ടിയല്ലേ?'- കുശലാന്വേഷണ രീതിയില്‍ കതിര്‍ ആനന്ദ് പറഞ്ഞ വാക്കുകളാണിത്. 

എന്നാലിതിന്‍റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയായിരുന്നു. ഇതോടെയാണ് കതിര്‍ ആനന്ദിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നത്. വനിതകള്‍ക്ക് മാസം ആയിരം രൂപയെന്നത് ഔദാര്യമല്ല, അവകാശമാണെന്നാണ് നേരത്തേ പദ്ധതിയെ കുറിച്ച് സ്റ്റാലിൻ വിശേഷിപ്പിച്ചിരുന്നത്. സ്റ്റാലിന്‍റെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പദ്ധതി ഔദാര്യമാണെന്ന തരത്തിലുള്ള പരാമര്‍ശം വരുമ്പോള്‍ ഡിഎംകെ തന്നെ വെട്ടിലാവുകയാണ്.

സംഭവം ബിജെപിയും ഏറ്റെടുത്തിട്ടുണ്ട്. സ്ത്രീകളെ കുറിച്ച് എന്തും വിളിച്ചുപറയുന്നതാണോ ഡിഎംകെയുടെ സാമൂഹ്യ നീതിയെന്നും കനിമൊഴി ഇതൊക്കെ കാണുന്നുണ്ടോയെന്നും ചോദ്യമുയര്‍ത്തുകയാണ് ബിജെപി.

Also Read:- 'വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കും'; വിചിത്ര വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രകടനപത്രിക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo