ദില്ലി/ ചെന്നൈ: ഡിഎംകെയും കോൺഗ്രസും കൈകൾ കോർത്ത് മുന്നോട്ട് പോകുമെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ എസ് അളഗിരി. ദേശീയ തലത്തിൽ പൗരത്വ നിയമഭേദഗതിക്കെതിരായ തുടർ സമരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച് ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്ന് ഡിഎംകെ വിട്ട് നിന്നതിന്‍റെ തൊട്ടടുത്ത ദിവസമാണ് അളഗിരിയുടെ പ്രസ്താവന. 

തുടര്‍പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗം സഖ്യകക്ഷിയായ ഡിഎംകെ ഉള്‍പ്പടെ ഏഴ് പ്രതിപക്ഷ  പാര്‍ട്ടികളാണ് ബഹിഷ്ക്കരിച്ചത്. സഖ്യകക്ഷിയായ ഡിഎംകെയുടെ അസാന്നിധ്യം പൗരത്വ നിയമഭേദഗതിയിലെ തുടര്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് തിരിച്ചടിയായി. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം കോണ്‍ഗ്രസുമായുള്ള സ്വരചേര്‍ച്ചയില്ലായ്മയാണ് യോഗത്തില്‍ നിന്ന് പിന്മാറാന്‍ ഡിഎംകെയെ പ്രേരിപ്പിച്ചത്. 

എം കെ സ്റ്റാലിനും ഡിഎംകെയും മുന്നണി മര്യാദകൾ പാലിക്കുന്നില്ലെന്ന് തമിഴ്നാട് കോൺഗ്രസ് നേതാവ് കെ എസ് അളഗിരി തന്നെ പറയുമ്പോൾ ഞങ്ങൾ എങ്ങനെ കോൺഗ്രസ് വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്ന് ഡിഎംകെ പാർലമെന്‍ററി പാർട്ടി നേതാവ് ടി ആർ ബാലു ദേശീയ ദിനപത്രമായ ദി ഹിന്ദുവിനോട് പ്രതികരിച്ചിരുന്നു. കഴ‍ിഞ്ഞ വെള്ളിയാഴ്ച കെ ആർ രാമസ്വാമിയും കെ എസ് അളഗിരിയും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ആകെയുള്ള 27 ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനങ്ങളിൽ ഒന്ന് പോലും കോൺഗ്രസിന് നൽകിയില്ലെന്ന് വിമർശനം ഉന്നയിച്ചിരുന്നു. ഇതാണ് ഡിഎംകെയെ ചൊടിപ്പിച്ചതെന്നാണ് സൂചന. പ്രശ്നങ്ങളുണ്ടായിരുന്നെങ്കിൽ നേതൃത്വവുമായി ചർച്ച ചെയ്യണമായിരുന്നുവെന്നും പൊതു പ്രസ്താവനയിറക്കി ഞങ്ങളെ അപമാനിക്കുകയായിരുന്നില്ല വേണ്ടതെന്നുമായിരുന്നു ടി ആർ ബാലുവിന്‍റെ പ്രതികരണം. 

പ്രശ്നം വഷളാവുന്നുവെന്ന് വന്നതോടെ കോൺഗ്രസ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. കോൺഗ്രസ് നിയസഭാകക്ഷി നേതാവായ കെ ആർ രാമസ്വാമി ഡിഎംകെയുമായി ഇന്ന് ചർച്ച നടത്തി. ഡിഎംകെ പ്രാദേശിക നേതൃത്വത്തിനെതിരെയാണ് വിമർശനം ഉന്നയിച്ചതെന്നാണ് ഇപ്പോൾ കോൺഗ്രസ് വിശദീകരിക്കുന്നത്. സംസ്ഥാന നേതൃത്വവുമായി ഒരു ഭിന്നതയും ഇല്ലെന്ന് പറയുന്ന തമിഴ്നാട് കോൺഗ്രസ് നേതൃത്വം അളഗിരിയുടെ പ്രസ്താവന വേദനിപ്പിച്ചെങ്കിൽ തിരുത്താൻ തയാറാണെന്ന് വരെ വ്യക്തമാക്കി കഴി‍ഞ്ഞു. ദില്ലിയുള്ള അളഗിരി തിരിച്ചെത്തിയാൽ സ്റ്റാലിനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതിയും തേടിയിട്ടുണ്ട്. 

പ്രതിപക്ഷ യോഗത്തിൽ നിന്ന് ഡിഎംകെ വിട്ടു നിന്നതിൽ പ്രതികരിക്കാൻ ഡിഎംകെയുടെ ലോകസഭ ഉപനേതാവ് കനിമൊഴി തയ്യാറായിരുന്നില്ല. ഇക്കാര്യത്തിൽ പാർട്ടി നേതൃത്വം പിന്നീട് വിശദീകരണം നൽകുമെന്നായിരുന്നു കനിമൊഴിയുടെ പ്രതികരണം. 

ചര്‍ച്ചക്കുള്ള ക്ഷണം കിട്ടിയില്ലെന്നായിരുന്നു പൗരത്വ നിയമ ഭേദഗതിയിലെ വോട്ടെടുപ്പില്‍ ലോക്സഭയിലും രാജ്യസഭയിലും രണ്ട് നിലപാടടെുത്ത ശിവസേനയുടെ പ്രതികരണം. ക്ഷണം കിട്ടിയില്ലെന്ന് ആം ആദ്മി പാർട്ടിയും അറിയിച്ചു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലടക്കം കോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടം ഉണ്ടാകുമെന്ന് കണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും യോഗം ബഹിഷ്ക്കരിച്ചത്.