ബിസിനസ് ക്ലാസ് സീറ്റ് മാറ്റി ഇക്കോണമി ക്ലാസാക്കി, വിമാനത്തിനുള്ളിൽ രോക്ഷാകുലയായി ഡിഎംകെ എംപി, വിമർശനം
എംപിയോട് ഇങ്ങനെ എങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും വിഷയത്തിൽ കേന്ദ്ര വ്യോമയാനമന്ത്രി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.

ചെന്നൈ: വിമാനത്തിലെ ബിസിനസ് ക്ലാസ് സീറ്റിൽ നിന്നും മാറ്റിയതിൽ രോഷാകുലയായി ഡിഎംകെ എംപി. ഡിഎംകെ ചെന്നൈ സൗത്ത് നിയോജകമണ്ഡലത്തിലെ എംപിയായ തമിഴച്ചി തങ്കപാണ്ഡ്യൻ ആണ് വിമാന ജീവനക്കാരോട് പൊട്ടിത്തെറിച്ചത്. തന്നെ ഇക്കണോമി ക്ലാസിലേക്ക് മാറ്റിയത് എന്തിനാണെന്നും ഒരു എംപിയോട് ഇങ്ങനെ പെരുമാറാനാകുമോ എന്നും തമിഴച്ചി പാണ്ഡ്യൻ ചോദിച്ചു.
ഡൽഹി-ചെന്നൈ വിമാനത്തിലെ ബിസിനസ് ക്ലാസ് സീറ്റി നിന്നാണ് മുൻകൂർ അറിയിപ്പ് കൂടാതെ തന്നെ എക്കണോമി ക്ലാസിലേക്ക് മാറ്റിയതെന്ന് എംപി ആരോപിച്ചു. എംപിയോട് ഇങ്ങനെ എങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും വിഷയത്തിൽ കേന്ദ്ര വ്യോമയാനമന്ത്രി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. യാത്രക്കാരുടെ അവകാശങ്ങളോടും സേവന നിലവാരങ്ങളോടും ഉള്ള ഇത്തരം അവഗണന ഞെട്ടിപ്പിക്കുന്നതാണ്. ഈ കെടുകാര്യസ്ഥതയ്‌ക്കെതിരെ ഉടനടി നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു. നടക്കാൻ പാടില്ലാത്ത കാര്യമാണെങ്കിലും തമിഴിച്ചിയുടെ നിലപാട് അധികാരത്തിലിരിക്കുന്നവർക്ക് താഴെത്തട്ടിലുള്ളവർക്കൊപ്പം ഇരിക്കുന്നതിലെ ബുദ്ധിമുട്ടാണെന്നത് മനസിലാകും. വരേണ്യ വർഗ നിലപാടാണിതെന്നും അണ്ണാമലൈ വിമർശിച്ചു. എംപിക്കെതിരെ സാമൂഹികമാധ്യമങ്ങളിലും രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്. വിഐപി സംസ്കാരമാണ് എപി കാണിച്ചതെന്നും സാധാരണക്കാർക്കൊപ്പം ഇരുന്നാൽ പ്രശ്നം എന്തെന്നുമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.
Read More : ട്രംപിനൊപ്പം വാർത്താസമ്മേളനത്തിൽ അദാനിയെ കുറിച്ച് ചോദ്യം; കുപിതനായി പ്രധാനമന്ത്രി മോദി; വിമർശിച്ച് രാഹുൽ
