ചെന്നൈ: ഹിന്ദി സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞതിന്റെ പേരിൽ ചെന്നൈ വിമാനത്താവളത്തിൽ അധിക്ഷേപം നേരിട്ടെന്ന എംപി കനിമൊഴിയുടെ ആരോപണത്തിൽ പ്രതികരണവുമായി ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിൻ. ഇന്ത്യക്കാരനാകുന്നതിന്റെ അളവുകോൽ ഹിന്ദിയാണോ എന്നും കനിമൊഴിയുടെ സഹോദരൻ കൂടിയായ സ്റ്റാലിൻ ചോ​ദിച്ചു.

കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിൽ വച്ച് ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോൾ ഹിന്ദി അറിയാതെ എങ്ങനെ ഇന്ത്യക്കാരിയാകും എന്ന് കനിമൊഴിയോട് സിഐഎസ്എഫ് ഉദ്യോ​ഗസ്ഥൻ ചോദിച്ചത്. ട്വീറ്റിലൂടെയാണ് എംപി കനിമൊഴി ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഹിന്ദി അറിയുന്നതാണോ ഇന്ത്യക്കാരൻ എന്നതിന്റെ അളവുകോൽ? ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ? സ്റ്റാലിൻ ട്വീറ്റിൽ ചോദിച്ചു. ബഹുസ്വരതയെ കുഴിച്ചു മൂടാൻ തയ്യാറെടുക്കുന്നവർ അതേ കുഴിയിൽ തന്നെ മൂടപ്പെടും എന്നും സ്റ്റാലിൻ ട്വീറ്റിൽ പറഞ്ഞു. ഹിന്ദി അടിച്ചേൽപിക്കുന്നതിനെ കാലങ്ങളായി എതിർക്കുന്ന പാർട്ടിയാണ് ഡിഎംകെ.