ജോലിക്ക് കോഴ കേസിൽ മുൻ മന്ത്രി കെ.എൻ. നെഹ്റു നൽകിയ റിവ്യൂ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കൂടാതെ, സ്വകാര്യ സ്കൂളുകളിൽ നിന്ന് കോടികൾ പിരിച്ചെടുത്ത കേസിൽ മുൻ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി അനുവദിച്ചില്ല. ഇതോടെ ഡിഎംകെ നേതാക്കൾക്ക് കനത്ത നിയമക്കുരുക്കാണ് നേരിട്ടിരിക്കുന്നത്.
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ നേതാക്കൾക്ക് മദ്രാസ് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരം വിജിലൻസ് രജിസ്റ്റർ ചെയ്ത ജോലിക്ക് കോഴ കേസിൽ മുൻ മന്ത്രി കെ.എൻ. നെഹ്റു നൽകിയ റിവ്യൂ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. സ്വകാര്യ സ്കൂളുകളിൽ നിന്ന് കോടികൾ പിരിച്ചെടുത്ത കേസിൽ മുൻ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി അനുവദിച്ചില്ല.
ജോലിക്ക് കോഴ നൽകിയ കേസിൽ തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് കെ.എൻ. നെഹ്റു പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്. തന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നായിരുന്നു നെഹ്റുവിന്റെ പ്രധാന വാദം. മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര അടക്കമുള്ള പ്രമുഖർ അദ്ദേഹത്തിനായി കോടതിയിൽ ഹാജരായിരുന്നു. നേരത്തെ, നെഹ്റുവിനെതിരെ കേസെടുക്കണമെന്ന ഇ.ഡിയുടെ നിർദ്ദേശം 2025 ഒക്ടോബറിൽ സ്റ്റാലിൻ സർക്കാർ തള്ളിയിരുന്നു. തുടർന്ന് എഐഎഡിഎംകെ എംപി അണ്ണാദുരൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിൽ ഫെബ്രുവരിയിലാണ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. തുടർന്ന് വിജയ് സർക്കാർ അധികാരത്തിൽ എത്തുകയും വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതോടെയാണ് കുറ്റാരോപിതനായ കെ.എൻ നെഹ്റു റിവ്യൂ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.
മറ്റൊരു കേസിൽ മുൻ വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന നേതാവുമായ അൻപിൽ മഹേഷ് പൊയ്യാമൊഴിയുടെ മുൻകൂർ ജാമ്യാപേക്ഷയും മദ്രാസ് ഹൈക്കോടതി തള്ളി. 'പാർട്ടി ഫണ്ട്' എന്ന പേരിൽ സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളിൽ നിന്ന് 100 കോടി രൂപ പിരിച്ചെടുത്തുവെന്ന ആരോപണം നേരിടുന്നയാളാണ് ഇദ്ദേഹം. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അൻപിൽ മഹേഷ്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ പശ്ചാത്തലത്തിൽ തമിഴ്നാട് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.







