Asianet News MalayalamAsianet News Malayalam

'മുസ്ലീം അവതാരകനെ കാണേണ്ട', ചാനല്‍ ചര്‍ച്ചക്കിടെ കണ്ണുപൊത്തി 'ഹം ഹിന്ദു' സ്ഥാപകന്‍

ന്യൂസ് 24 ന്‍റെ ചര്‍ച്ചയ്‍ക്കെത്തിയ അജയ് ഗൗതമാണ് ചര്‍ച്ച നിയന്ത്രിക്കുന്ന അവതാരകന്‍ മുസ്ലീമാണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കാണാതിരിക്കാന്‍ കൈകൊണ്ട് കണ്ണുകള്‍ മറച്ചത്. 
 

do not want to see a Muslim anchor hum Hindu founder covers his eyes
Author
Delhi, First Published Aug 2, 2019, 1:50 PM IST

ദില്ലി: രണ്ടുദിവസം മുമ്പ് മുസ്ലീം ഡെലിവറി ബോയിയില്‍ നിന്ന് ഓഡര്‍ സ്വീകരിക്കില്ലെന്ന് സൊമാറ്റോ ഉപഭോക്താവ് പറഞ്ഞത് വിവാദമായതിന് പിന്നാലെ മുസ്ലീം അവതാരകനെ കാണാതിരിക്കാന്‍ കണ്ണുപൊത്തി 'ഹം ഹിന്ദു' സ്ഥാപകന്‍. ന്യൂസ് 24 ന്‍റെ ചര്‍ച്ചയ്ക്കെത്തിയ അജയ് ഗൗതമാണ് ചര്‍ച്ച നിയന്ത്രിക്കുന്ന അവതാരകന്‍ മുസ്ലീമാണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തെ കാണാതിരിക്കാന്‍ കൈകൊണ്ട് കണ്ണുകള്‍ മറച്ചത്.

സൊമാറ്റോ വിഷയമായിരുന്നു ചാനലിലെ ചര്‍ച്ച. പൂര്‍ണ്ണ സ്വരാജ് എന്നാല്‍ സമ്പൂര്‍ണ്ണ ഹിന്ദു രാഷ്ടമാണെന്നാണ് അജയ് ഗൗതമിന്‍റെ സ്ഥാപനമായ ഹം ഹിന്ദുവിന്‍റെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. ഇനി അജയ് ദൗതമിനെ ചര്‍ച്ചയ്ക്ക് വിളിക്കില്ലെന്ന് ചാനല്‍ തീരുമാനിച്ചിട്ടുണ്ട്.

ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ആണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞതോടെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തയാള്‍ക്ക് സൊമറ്റോയുടെ സ്ഥാപകന്‍ കഴി‌ഞ്ഞ ദിവസം മറുപടി നല്‍കിയതോടെ വിഷയം വിവാദമാകുകയായിരുന്നു. ''ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല, ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ മതി''യെന്നായിരുന്നു അമിത് ശുക്ല എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിന് ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമെന്നത് മതമാണെന്നുമായിരുന്നു സൊമാറ്റോ നല്‍കിയ മറുപടി. ട്വീറ്റ് വൈറലായി പോസ്റ്റിന് മറുപടി നല്‍കി ആളുകള്‍ പോരടിക്കാന്‍ തുടങ്ങിയതോടെയാണ് സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ നിലപാട് വ്യക്തമാക്കിയത്.

''ഇന്ത്യയുടെ സംസ്കാരത്തില്‍ അഭിമാനമുണ്ട്. വ്യത്യസ്ത വിഭാഗക്കാരായ ഉപയോക്താക്കളെക്കുറിച്ച് ബഹുമാനമുണ്ട്. എന്നാല്‍ മൂല്യങ്ങളെ ഖണ്ഡിച്ച് വരുന്ന ഓര്‍ഡറുകള്‍ നഷ്ടമാകുന്നതില്‍ വിഷമമില്ല'' എന്നാണ് ദീപിന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ ദീപിന്ദറിന്‍റെ പോസ്റ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

Follow Us:
Download App:
  • android
  • ios