പശുക്കളുടെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധയും കരുതലും സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ കാണിക്കുന്നുണ്ടോയെന്ന് ഗുജറാത്ത് ഗീർ സോമനാഥ് ജില്ലാ കളക്ടറോട് ഹൈക്കോടതിയുടെ ചോദ്യം.
അഹമ്മദാബാദ്: പശുക്കളുടെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധയും കരുതലും സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ കാണിക്കുന്നുണ്ടോയെന്ന് ഗുജറാത്ത് ഗീർ സോമനാഥ് ജില്ലാ കളക്ടറോട് ഹൈക്കോടതിയുടെ ചോദ്യം. ഇക്കാര്യത്തിൽ ഈ മാസം 13-നകം വ്യക്തമായ മറുപടി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് പരേഷ് ഉപാധ്യായയുടെതാണ് നിർദേശം.
വളർത്തുമൃഗപീഡന നിയമ പ്രകാരം രണ്ടാം തവണ അറസ്റ്റിലായ അസ്പക് പഞ്ചയുടെ ഹർജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ചോദ്യം. വെള്ളം കുടിക്കാൻ പറ്റാത്ത വിധത്തിൽ പശുക്കളെ കെട്ടിയിട്ടുവെന്നായിരുന്നു ഇയാൾക്കെതിരായ ആരോപണം. രണ്ട് പൊലീസ് കേസുകൾക്ക് പിന്നാലെ പഞ്ചയ്ക്കെതിരെ കളക്ടർ സാമൂഹ്യ വിരുദ്ധ പ്രവർത്തനം തടയൽ നിയമം (പാസ) ചുമത്തുകയും 'ക്രൂരനായ മനുഷ്യൻ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ തടവിലാക്കപ്പെട്ട പഞ്ച കോടതിയെ സമീപിക്കുകയായിരുന്നു. പശുക്കൾ പീഡനം നേരിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് തന്നെയാണ്. എന്നാൽ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ ഇതുപോലുള്ള ശ്രദ്ധ ജില്ലാ ഭരണകൂടത്തിനുണ്ടോയെന്നായിരുന്നു കോടതിയുടെ ചോദ്യം.
പഞ്ചയ്ക്ക് മേൽ ചുമത്തിയ പാസ നിയമം റദ്ദാക്കിയ കോടതി, ഈ നിയമം ചുമത്താൻ ആധാരമായ കുറ്റം പ്രതി ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. പഞ്ചയെ ഉടൻ ജയിൽ മോചിതനാക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. ഗോക്കൾക്ക് ലഭിക്കുന്ന അതേ പരിരക്ഷ ജനങ്ങൾക്കും ലഭിക്കുന്നുണ്ടോയെന്ന് രേഖാമൂലം അറിയിക്കാനും കളക്ടരോട് കോടതി നിർദേശിച്ചു.
