ജയ്പൂര്‍: മുസ്ലീം ആയതിന്റെ പേരില്‍ ഗര്‍ഭിണിക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച് ഡോക്ടര്‍. പ്രസവവേദനയെത്തുടര്‍ന്ന് രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിയെ പ്രവേശിപ്പാക്കാന്‍ തയ്യാറായില്ല. ഇതോടെ ആശുപത്രി വിട്ട ഗര്‍ഭിണി കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുട്ടി മരിക്കുകയായിരുന്നു. 

'' എന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കി. സിക്രിയില്‍ നിന്ന് ജനാനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ ഞങ്ങളോട് ജയ്പൂരിലേക്ക് പോകാനാണ് ഇവിടെ നിന്ന് പറഞ്ഞത്. കാരണം ഞങ്ങള്‍ മുസ്ലിംകളാണ്. ഇവിടെ നിന്ന് ആമ്പുലന്‍സില്‍ പോകുംവഴി അവള്‍ പ്രസവിച്ചു. പക്ഷേ കുട്ടി മരിച്ചു. എന്റെ കുഞ്ഞിന്റെ മരണത്തിന് കാരണം അധികാരികളാണ്'' - യുവതിയുടെ ഭര്‍ത്താവ് ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു. 

അതേസമയം ആരോപണം നിഷേധിച്ച്ഭരത്പൂരിലെ ജനാന ആശുപത്രിയിലെ പ്രിന്‍സിപ്പല്‍ രൂപേന്ദ്ര ഝാ രംഗത്തെത്തി. അതീവ ഗുരുതരാവസ്ഥയില്‍ ഒരു ഗര്‍ഭിണി ആശുപത്രിയിലെത്തി. അവരെ ജയ്പൂര്‍ ആശുപത്രിയിലേക്ക് നിര്‍ദ്ദേശിച്ചു. മറ്റെന്താണ് ഇതില്‍ സംഭവിച്ചതെന്ന് അന്വേഷിക്കും'' - അദ്ദേഹം വ്യക്തമാക്കി. 

സംഭവത്തെ നിശിതമായി വിമര്‍ശിച്ച് സംസ്ഥാനത്തെ ടൂറിസം മന്ത്രി വിവേന്ദ്ര സിംഗ് രംഗത്തെത്തി. ഇതിലും നാണക്കെട്ട മറ്റൊന്നില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ജനാന ആശുപത്രിയിലെ ഡോക്ടര്‍ മൊനീത് വാലിയയാണ് ഗര്‍ഭിണിക്ക് ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതെന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല,  സംസ്ഥാന ആരോഗ്യമന്ത്രിതന്നെയാണ് ഭത്പൂരിലെ എംഎല്‍എ എന്നും അദ്ദേഹം ട്വീറ്റ് ചെയ്ത വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.