ലഖ്നൗ: ആശുപത്രിയിലെ ബില്‍ അടയ്ക്കാത്തതിന്‍റെ പേരില്‍ നവജാത ശിശുവിനെ പണയം വെക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടതായി ദമ്പതികളുടെ പരാതി. ഉത്തര്‍പ്രദേശിലാണ് സംഭവം. പണയവസ്തുവായി കുഞ്ഞിനെ ഡോക്ടര്‍ പിടിച്ചുവെച്ചതായും ദമ്പതികള്‍ പരാതിയില്‍ പറയുന്നു.

പ്രസവത്തിനായി ആശുപത്രിയിലെത്തിയ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. 40,000 രൂപയുടെ ബില്ലാണ് ആശുപത്രിയില്‍ ഇവര്‍ അടയ്ക്കേണ്ടിയിരുന്നത്. എന്നാല്‍ ബില്‍ തുക പൂര്‍ണമായി അടയ്ക്കാന്‍ ഇവരുടെ കൈവശം പണമില്ലായിരുന്നു. പരിഹാരം ഉണ്ടാക്കാം എന്ന രീതിയില്‍ ഇവരുടെ അടുത്തെത്തിയ ഡോക്ടര്‍ പണം പൂര്‍ണമായി അടയ്ക്കുന്ന വരെ പണയവസ്തുവായി കുഞ്ഞിനെ ആശുപത്രിയില്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് കുഞ്ഞിന്‍റെ അമ്മ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Read More: 'നിർഭയയ്ക്ക് നീതി കൈമാറിയ വിധി, ജുഡീഷ്യറിയിലെ വിശ്വാസം ശക്തിപ്പെടുത്തും': ബിജെപി

ദമ്പതികളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്തപ്പോള്‍ ദമ്പതികള്‍ മുസാഫര്‍ നഗറില്‍ കുഞ്ഞിനെ വിറ്റെന്നാണ് ഡോക്ടര്‍ നല്‍കിയ മറുപടി. എന്നാല്‍ ആരോപണം ദമ്പതികള്‍ നിഷേധിച്ചു. കുഞ്ഞിനെ വിറ്റിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസിപി അനില്‍കുമാര്‍ സിങ് അറിയിച്ചു.