14 കുട്ടികളുടെ മരണത്തിനിടയാക്കിയ വിഷ മരുന്ന് ദുരന്തത്തില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമർശനവുമായി ഐഎംഎ

ദില്ലി: 14 കുട്ടികളുടെ മരണത്തിനിടയാക്കിയ വിഷ മരുന്ന് ദുരന്തത്തില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഉദ്യോ​ഗസ്ഥരുടെ നിയമപരമായ അറിവില്ലായ്മയുടെ ഉത്തമ ഉദാഹരണമാണിതെന്നും ഭരണകൂടത്തിന്റെയും, മരുന്ന് നിർമ്മാതാക്കളുടെയും വീഴ്ച ഒളിപ്പിക്കാനാണ് തിടുക്കത്തിലുള്ള നടപടി എന്നാണ് ഐഎംഎയുടെ വാദം. മരുന്നിൽ പ്രശ്നമുണ്ടോയെന്ന് ഡോക്ടർ എങ്ങനെ അറിയുമെന്നും വിലകുറഞ്ഞ വ്യാവസായിക ആവശ്യത്തിനുള്ള ഡിഇജി അടങ്ങിയ കഫ്സിറപ്പുകൾ നേരത്തെയും മരണത്തിന് കാരണമായിട്ടുണ്ട്, പൊതുജനങ്ങളിൽ ആത്മവിശ്വാസം നൽകുന്നതിന് പകരം പ്രശ്നങ്ങളുണ്ടാക്കുന്നു, ഭരണകൂടം അനുമതി നൽകിയ മരുന്ന് കുറിച്ച് നൽകിയ ഡോക്ടർ എന്ത് പിഴച്ചുവെന്നും ഐഎംഎ പ്രതികരിച്ചു.

കൂടാതെ കുട്ടികളുടെ മരണത്തിന് ഉത്തരവാദി അധികാരികളും, മരുന്ന് നിർമ്മാതാക്കളുമാണ്, ആരോ​ഗ്യപ്രവർത്തകർക്കെതിരായ ഭീഷണിയെ ചെറുക്കുമെന്നും ഐഎംഎ വ്യക്തമാക്കി. പത്ത് വർഷമായി കോൾഡ്രിഫ് മരുന്ന് കുട്ടികൾക്ക് നിർദേശിക്കുന്നുവെന്ന് മധ്യപ്രദേശില് അറസ്റ്റിലായ ഡോക്ടർ പ്രവീൺ സോണി മൊഴി നല്കിയിരുന്നു. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടറാണ് പ്രവീൺ സോണി. മധ്യപ്രദേശിൽ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. ഡോ.പ്രവീൺ സോണി, മരണകാരിയായ കോൾഡ്രിഫ് സിറപ്പ് കുട്ടികൾക്ക് എഴുതി നൽകിയെന്നാണ് പൊലീസ് പറയുന്നത്. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസാണ് കോൾഡ്രിഫ് സിറപ്പ് ഉൽപ്പാദിപ്പിച്ചത്. ഇവർക്കെതിരെയും മധ്യപ്രദേശ് സർക്കാർ കേസെടുത്തിട്ടുണ്ട്. ഈ സിറപ് കഴിച്ച കുട്ടികളാണ് മരിച്ചത്. സിറപ്പിൽ 48.6 ശതമാനം ബ്രേക്ക് ഓയിൽ അടങ്ങിയെന്നായിരുന്നു കണ്ടെത്തൽ.

രാജ്യത്ത് 14 മരണം

രാജ്യത്താകെ 14 കുട്ടികളാണ് ഇതുവരെ മരിച്ചത്. തെലങ്കാനയിലും കോള്‍ഡ്റിഫ് ചുമ മരുന്ന് നിരോധിച്ചു. വിഷയത്തിൽ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സെപ്റ്റംബര്‍ രണ്ടു മുതൽ അസാധാരണ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും മധ്യപ്രദേശിൽ മരണ കാരണം കണ്ടെത്താൻ വൈകിയെന്ന് കോണ്‍ഗ്രസ് നേതാവ് കമൽനാഥ് ആരോപിച്ചു. ബ്രേക്ക് ഓയിൽ അടങ്ങിയ മരുന്ന് കുട്ടികള്‍ക്ക് നൽകിയെന്നും കമൽനാഥ് ആരോപിച്ചു. സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് എഎപിയും വിമര്‍ശിച്ചു.

പരിശോധിക്കാന്‍ നിര്‍ദേശം

ഇതോടൊപ്പം ആറ് സംസ്ഥാനങ്ങളിലായി 19 മരുന്ന് നിർമാണ ശാലകളിൽ പരിശോധന തുടങ്ങിയിട്ടുണ്ട്. മരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ച് ഇവയിൽ അപകടകാരികളുണ്ടോയെന്നടക്കം പരിശോധിക്കും. കുട്ടികളുടെ അസ്വാഭാവിക മരണങ്ങൾ സംസ്ഥാനങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത്യാഹിത സാഹചര്യത്തെ നേരിടാൻ സംസ്ഥാനങ്ങൾ സജ്ജമാകാനും മരുന്ന് നിർമാണ കമ്പനികൾ ഗുണനിലവാരം ഉറപ്പാക്കുന്നുണ്ടോയെന്ന് നിരന്തരം നിരീക്ഷിക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ രാജസ്ഥാനിലെ 4 കുട്ടികളുടെ മരണം ചുമ മരുന്ന് കഴിച്ചതിനാലല്ലെന്ന് സംസ്ഥാനത്തെ പ്രിൻസിപ്പൽ സെക്രട്ടറി ഇന്നലെ നടന്ന ആരോഗ്യ അവലോകന യോഗത്തിൽ അറിയിച്ചു.

YouTube video player