കൊൽക്കത്ത: ബംഗാളിൽ ഡോക്ടർമാരുടെ സമരം ആറാം ദിവസവും തുടരുന്നു. സമരത്തിൽ കൂടുതൽ പേർ പങ്കാളിയായതോടെ ഒത്തുതീർപ്പിനായി ബംഗാള്‍ മുഖ്യമന്തി മമത ബാനർജി ശ്രമിച്ചേക്കുമെന്നാണ് റിപ്പോട്ടുകൾ. 

സമരം ഒത്തുതീർപ്പാക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി മമത സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമരത്തിൽ നിന്ന് പിന്മാറണമെന്ന മമതയുടെ ആവശ്യം ഡോക്ടർമാർ തള്ളി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിങ്കളാഴ്ച അഖിലേന്ത്യാ തലത്തിൽ പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി മമത നിരുപാധികം മാപ്പുപറയണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ കൈയ്യേറ്റം ചെയ്തതോടെ തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയാണ്. 

സമരം ചെയ്യുന്ന ‍ഡോക്ടർമാക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബംഗാളിലെ നൂറുകണക്കിന് സർക്കാർ ഡോക്ടർമാർ രാജിവച്ചു. 300 സർക്കാർ ഡോക്ടർമാരാണ് ഇന്നലെ മാത്രം സർവീസിൽ നിന്ന് രാജി വച്ചത്. സമരത്തെ പിന്തുണച്ച് ദില്ലി, മുംബൈ, പൂനൈ ഉൾപ്പടെയുള്ള നഗരങ്ങളിൽ റെസിഡെന്റ് ഡോക്ടർമാർ പണിമുടക്കിയിരുന്നു. ഡോക്ടർമാരുടെ സുരക്ഷ അവശ്യപ്പെട്ടു സമർപ്പിച്ച ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുമുണ്ട്. ചൊവ്വാഴ്ച മുതല്‍  സമരം ചെയ്യുന്ന  ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരമുപേക്ഷിച്ച് ജോലിക്ക് കയറണമെന്നായിരുന്നു കഴിഞ്ഞ ദിവസം കൊല്‍ക്കത്ത എസ്എസ്കെഎം ആശുപത്രിയിലെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടത്. 

ഡ്യൂട്ടിക്കിടയില്‍ പൊലീസുകാരന്‍ മരിച്ചാല്‍ സഹപ്രവര്‍ത്തകര്‍ പണിമുടക്കുമോ എന്നായിരുന്നു ഡോക്ടര്‍മാരോടുള്ള മമതയുടെ ചോദ്യം. എന്നാല്‍, മമതയുടെ അന്ത്യ ശാസനം തള്ളിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധം കടുപ്പിച്ചു. സമരം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന നിലപാടെടുക്കുന്ന മമത, ഇത് ന്യൂനപക്ഷ വിരുദ്ധ സമരമെന്ന ആരോപണമുയര്‍ത്തിയാണ് നേരിടുന്നത്. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലെ ആശുപത്രികളിലും റസിഡന്‍റ് ഡോക്ടര്‍മാര്‍ ഐക്യദാര്‍ഢ്യമറിയിച്ച് ഒരു ദിവസം പണിമുടക്കി.  ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജൂനിയർ ഡോക്ടര്‍മാര്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനെ കണ്ട് നിവേദനം നല്‍കിയിട്ടുണ്ട്.